വൈപ്പിൻ: കഴിഞ്ഞ ദിവസങ്ങളിലെ കടൽക്ഷോഭത്തെ തുടർന്ന് ചെറായി ബീച്ച് വെള്ളത്തിനടിയിലായി. സന്ദർശകർ ഉല്ലസിച്ച് നടന്നിരുന്ന മണൽ പരപ്പ് മുഴുവൻ കടലെടുത്തു. കടൽഭിത്തി വരെ വെള്ളം കയറിയ അവസ്ഥ. വേലിയേറ്റ സമയത്ത് തിരമാലകൾ ഉയർന്ന് കടൽഭിത്തി കടന്ന് കരയിലേക്കും അടിക്കുന്നുണ്ട്. സന്ദർശകർക്ക് കടലിൽ ഇറങ്ങാൻ കഴിയുന്നില്ല. തിരമാലകൾ ശക്തമായതോടെ കടലിൽ ഇറങ്ങാൻ ശ്രമിക്കുന്നവരെ ബീച്ചിലെ ഗാർഡുമാർ തടയുന്നുമുണ്ട്.
നേരത്തെ പത്ത് ഗാർഡുമാർ വരെ ഉണ്ടായിരുന്ന ചെറായി ബീച്ചിൽ ഇപ്പോൾ നാല് പേർ മാത്രമാണുള്ളത്. അവർക്ക് കടൽത്തീരം മുഴുവൻ ശ്രദ്ധിക്കാൻ കഴിയുന്നില്ല. സാഹസികരായ സന്ദർശകർ ബീച്ചിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് അകന്ന് തെക്കോട്ടും വടക്കോട്ടും മാറി കടലിൽ ഇറങ്ങാറുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ആശങ്കയുണ്ട്. ഇവരെ പിന്തിരിപ്പിക്കാൻ നാട്ടുകാർക്കും ആവില്ല.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലാണ് ഗാർഡുമാരും ബീച്ചിലെ പാർക്കിംഗ് സ്ഥലവും. പാർക്കിംഗ് പ്രദേശത്ത് വെള്ളക്കെട്ടായതോടെ ഡി.ടി.പി.സിക്കെതിരെ നാട്ടുകാർ പരാതിപ്പെടുകയും തുടർന്ന് പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിറുത്തിവയ്പ്പിക്കുകയും ചെയ്തു. ഡി.ടി.പി.സിക്ക് ഇപ്പോൾ വരുമാനം ലഭിക്കാത്തതിനാൽ ബീച്ചിനെ തീർത്തും അവഗണിച്ച മട്ടിലാണ്.
ബീച്ചിലെ വൈദ്യുതി വിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രികാലങ്ങളിൽ കൂരിരുട്ടാണ്. തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സംസ്ഥാനത്ത് എത്തുന്ന വിദേശ സന്ദർശകരിൽ ഭൂരിപക്ഷം പേരും ചെറായി ബീച്ച് സന്ദർശിക്കാൻ താല്പര്യമുള്ളവരാണ്. ഒരിക്കൽ വന്നു പോകുന്നവർ വീണ്ടും വീണ്ടും ഇവിടെ എത്താറുണ്ട്. എന്നാൽ ബീച്ചിലെ ഇപ്പോഴത്തെ അവസ്ഥ സന്ദർശകരെ മടുപ്പിക്കുന്നതാണ്. കടലേറ്റം ശക്തമായതോടെ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ ഇപ്പോൾ ബീച്ചിലേക്ക് വരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |