SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.09 AM IST

ഹോട്ടലിൽ നിന്ന് രാസലഹരി പിടികൂടിയ കേസിൽ മുൻ മാനേജർ നിരീക്ഷണത്തിൽ

കൊച്ചി: എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപത്തെ ഹോട്ടലിൽ നിന്ന് രാസലഹരി പിടിച്ചെടുത്ത കേസിൽ മുൻ ജീവനക്കാരൻ നിരീക്ഷണത്തിൽ. ഹോട്ടലിൽ മാനേജരായിരുന്ന മലപ്പുറം സ്വദേശിയായ ഇയാൾ കഴിഞ്ഞ 22ന് റിസപ്ഷനിൽ രണ്ടംഗസംഘത്തിന്റെ മർദ്ദനം ഏറ്റതിനെ തുടർന്ന് ജോലി മതിയാക്കി പോയെന്നാണ് ജീവനക്കാർ പൊലീസിന് നൽകിയ മൊഴി. ഇയാളുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ഹോട്ടലിന്റെ ഒന്നാംനിലയിലെ മുറിയിൽ നിന്നാണ് 1.23 ഗ്രാം എം.ഡി.എം.എയും രാസലഹരി പറ്റിപ്പിടിച്ച സിപ് ലോക്ക് കവറുകളും കടവന്ത്ര പൊലീസ് കണ്ടെത്തിയത്.

ഹോട്ടലിൽ രാസലഹരി കൈമാറ്റം നടക്കുന്നുവെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ശനിയാഴ്ച പകലും രാത്രിയുമായി പൊലീസ് നടത്തിയ പരിശോധനയിൽ നാലാംനിലയിലെ നാല് മുറികളിൽ നിന്നായി യുവതികളുൾപ്പെടെ എട്ടു പേർ രാസലഹരിയും കഞ്ചാവുമായി പിടിയിലായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മുൻ മാനേജർ താമസിച്ച മുറിയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്.

22ന് രാത്രി 9ന് രണ്ട് പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചെന്ന് മലപ്പുറം സ്വദേശി നൽകിയ പരാതിയിൽ 23ന് കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. റിസപ്ഷനിലെത്തിയ രണ്ട് യുവാക്കൾ റിസപ്ഷനിസ്റ്റിന്റെ മുഖത്ത് അടിച്ച ശേഷമാണ് മാനേജരെ മർദ്ദിച്ചത്. ഇതേത്തുടർന്നാണ് ഇയാൾ ജോലി മതിയാക്കി പോയത്. പകരം പുതിയ മാനേജരെയും നിയമിച്ചു. അന്ന് നടന്ന ആക്രമണം ലഹരി വിതരണവുമായി ബന്ധപ്പെട്ടാണോ എന്ന് പൊലീസിന് സംശയമുണ്ട്. മുറിയിൽ നിന്ന് ലഹരി പിടിച്ച സംഭവത്തിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഹോട്ടലിലെ മുറികളിൽ നിന്ന് ലഹരിയുമായി പിടിയിലായവർക്ക് മുൻ മാനേജരുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL