
പയ്യന്നൂർ:പ്രശസ്തിയെന്നത് ഒട്ടും ഇഷ്ടമല്ലായിരുന്നു ഉത്തരാധൂനിക മലയാളകവിതയിൽ സജീവസാന്നിദ്ധ്യമായ ഡോ.എ.സി.ശ്രീഹരിക്ക്. ആ ഒറ്റ കാരണം കൊണ്ട് കോളേജിലെ യാത്രയയപ്പ് സമ്മേളനം പോലും സ്നേഹപൂർവ്വം നിരസിച്ചാണ് ഈയടുത്ത് പയ്യന്നൂർ കോളേജിൽ നിന്നും അദ്ദേഹം പടിയിറങ്ങിയത്. വിരമിച്ചതിന് ശേഷം സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ കൂടുതൽ സജീവമാകണമെന്ന് ആഗ്രഹിച്ചിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി മരണത്തിനൊപ്പം അദ്ദേഹം ഇറങ്ങിപ്പോയതിന്റെ ആഘാതത്തിലാണ് നാട് ഒന്നാകെ.
വിരമിച്ച് ആറാം ദിവസമാണ് അദ്ദേഹത്തിന്റെ വിയോഗം. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഹൃദായാഘാതം അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ മേയ് 30നായിരുന്നു പയ്യന്നൂർ കോളേജിലെ അദ്ധ്യാപക ജോലിയിൽ നിന്നും ശ്രീഹരി വിരമിച്ചത്.
ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. യുവകവിതക്കൂട്ടം , കവിതയുടെ നൂറ്റാണ്ട് എന്നിവ പ്രശസ്ത രചനകളാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ ഓമൽ പൂവെ എന്ന ഗാനവും അദ്ദേഹത്തിന്റേതാണ്. എൻ.എൻ.കക്കാട് അവാർഡ് , വി.ടി. കുമാരൻ അവാർഡ്, വൈലോപ്പിള്ളി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മാത്തിലിനടുത്ത് ആലപ്പടമ്പിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനായി 1969 നവംബർ 24 നാണ് ശ്രീഹരി ജനിച്ചത്. കുറുവേലി വിഷ്ണുശർമ്മ എ.എൽ.പി.സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ , കാഞ്ഞങ്ങാട് നെഹ്റു കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടർ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് എം.എഫിലും നേടി. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് മലലാള ജനപ്രിയ കലാ സിനിമകളിലെ ആണത്ത നിർമ്മാണം എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടി.
'എവിടെ ജോൺ അല്ല, എവിടെ ലോൺ"
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'എവിടെ ജോൺ' എന്ന അതിപ്രശസ്ത കവിത ശ്രീഹരിയിൽ 'എവിടെ ലോൺ' ആയി. പാസ്റ്റിഷ് , പാരഡി സങ്കേതങ്ങളുമായി ശ്രീഹരിയുടെ കവിതകൾ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് അങ്ങോട്ട് പരിചയപ്പെടുന്നവയായിരുന്നു.അദ്ദേഹത്തിന്റെ സുഹൃത്തും കവിയുമായ പി.എൻ.ഗോപികൃഷ്ണൻ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
പ്രാദേശികതയെയും ആഗോളതയേയുമൊക്കെ തന്റെ രീതിയിൽ കലർത്തിയ ബ്ലെൻഡ് ഉണ്ടാക്കാനായിരുന്നു ശ്രീഹരി ശ്രമിച്ചത്. അതിന് മുകളിൽ പരിഹാസം കൊണ്ട് ഗാർണിഷ് ചെയ്തു.' ഈ രീതിയിൽ തന്നെ വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസനാ വികൃതി ശ്രീഹരിയിൽ വായനാ വികൃതിയായി. മോഹൻലാൽ മീശ പിരിച്ച് അഭിനയിച്ച നരസിംഹം, ബഷീറിന്റെ ആകാശമിഠായി, ആറ്റൂർ രവിവർമ്മയുടെ ഓട്ടോവിൻ പാട്ട് എന്നീ കവിതകളിലെല്ലാം ശ്രീഹരി ഈ രീതി പരീക്ഷിച്ച് വായനാക്കാരുടെ പ്രശംസ നേടി.
സങ്കടക്കടലായി സോഷ്യൽ മീഡിയ
സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഒരു കടൽ തന്നെയായിരുന്നു ശ്രീഹരി തന്റെ ചുറ്റും തീർത്തത്. അതുകൊണ്ടുതന്നെ വിയോഗവാർത്തയറിഞ്ഞ് സാമൂഹ്യമാദ്ധ്യമങ്ങളിൽ സങ്കടക്കടൽ ഇരമ്പുകയായിരുന്നു ഇന്നലെ. അവരിൽ ഓരോരുത്തർക്കും ഓരോ അനുഭവമുണ്ടായിരുന്നു വിവരിക്കാൻ.
ശ്രീഹരിയുടെ അടുത്ത സുഹൃത്തുക്കളായ പ്രശസ്ത കവികളും എഴുത്തുകാരും സംവിധായകരുമെല്ലാം അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കം പങ്കുവച്ചു.
സംസ്കാരം ഇന്ന്
ഡോ.എ.സി ശ്രീഹരിയുടെ മൃതദേഹം ഇന്ന് രാവിലെ 8.30 മുതൽ ആലപ്പടമ്പ് ചെറുപാറ വായനശാലയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 10 മണിയോടെ വീട്ട് വളപ്പിൽ സംസ്കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |