
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർ വെപ്പ് ഇന്ന്. വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്ന് സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തിച്ചേരും..
രാത്രി കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെള്ളി ക്ടാരം വെച്ച് രാശിവിളിച്ചു കഴിഞ്ഞാൽ ഇളനീർ വെപ്പ് ആരംഭിക്കും. കോട്ടയത്ത് വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്ര വേഷത്തിൽ അഞ്ഞൂറ്റാൻ കിഴക്കേ നടയിലേക്ക് എഴുന്നള്ളി ഒറ്റക്കാലിൽ നിലയുറപ്പിക്കും. രാത്രിയിൽ പന്തീരടി പൂജ പൂർത്തീകരിച്ച ശേഷമാണ് ഇളനീർ വെപ്പ് ഒരുക്കങ്ങൾ തുടങ്ങുക. രാശി വിളിക്കുന്നതുവരെ ഇളനീർ വത്രക്കാർ മന്ദംചേരിയിലെ ബാവലിക്കരയിൽ മുഹൂർത്തം കാത്തിരിക്കും.
വിളി കേൾക്കുമ്പോൾ വ്രതക്കാർ ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി
തട്ടും പോളയും വിരിച്ച സ്ഥാനത്ത് മൂന്ന് വലംവച്ച ശേഷം ഇളനീർ കാവുകൾ സമർപ്പിക്കും. വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചു പോരും.
പ്രക്കൂഴം മുതൽ വ്രതമെടുത്ത് വിവിധ കഞ്ഞിപ്പുരകളിൽ താമസിച്ച ദൂരെ നിന്നുള്ള തണ്ടയാന്മാർ കൊട്ടിയൂരിലേക്ക് പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ഒരു കാവിൽ ഇരുഭാഗത്തുമായി ആറ് ഇളനീരുകളാണ് ഉണ്ടാകുക. എരുവട്ടി തണ്ടയാൻ ഒരു കുടം എള്ളെണ്ണയും തിരുനടയിൽ സമർപ്പിക്കും. ഇളനീർ വെപ്പ് പൂർത്തിയാക്കി ഒടുവിലാണ് എണ്ണ സമർപ്പണം. കത്തി തണ്ടയന്മാർ ഇളനീർ ചെത്തുന്നതിന് ആവശ്യമായ കത്തികളും സമർപ്പിക്കും. നാളെ ഉച്ചയ്ക്ക് അഷ്‌ടമി ആരാധന. രാത്രിയിലാണ് ദൈവം വരവും ഇളനീരാട്ടവും നടത്തുക.
ഭക്തജന സാഗരമായി കൊട്ടിയൂർ
കൊട്ടിയൂർ:വൈശാഖ മഹോത്സവത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് കൊട്ടിയൂരും പരിസരവും ഇന്നലെ സാക്ഷിയായത്. അവധി ദിവസമായതിനാൽ പതിനായിരങ്ങളാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തി. പുലർച്ചെ മുതൽ തന്നെ അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും പരിസര പ്രദേശങ്ങളും ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ദർശനത്തിനുളള ക്യൂ പടിഞ്ഞാറേ നടയിലേത് ഇക്കരെ ക്ഷേത്രം റോഡു വരെയും കിഴക്കേ നടയിലേത് മന്ദംചേരി വരെയും നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ പെരുമാളെ തൊഴുത് മടങ്ങിയത്. ഇന്നലെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു കൊട്ടിയൂരിൽ എത്തിയവരിൽ ഏറെയും.
ഭക്തർ കൂട്ടമായി എത്തിയതോടെ പാർക്കിംഗ് ഗ്രൗണ്ടുകളെല്ലാം വാഹനങ്ങൾ കൊണ്ട് നിറയുകയും മണത്തണ മുതൽ കൊട്ടിയൂർ വരെ ഇടയ്ക്കിടെ ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു. സ്വകാര്യ വ്യക്തികളുടേതുൾപ്പെടെ 13 എക്കറോളം സ്ഥലം പാർക്കിംഗിനായി സജ്ജീകരിച്ചിരുന്നെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞും ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.
പടം: കൊട്ടിയൂരിൽ ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്
പടം: മണത്തണയിൽ രൂപപ്പെട്ട ഗതാഗത തടസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |