
വൃദ്ധയുടെ വീട്ടിലെത്തിയത് പേരക്കുട്ടിയുടെ വിവാഹക്ഷണക്കത്ത് കണ്ട്
ചീമേനി: വിവാഹ ക്ഷണക്കത്തിൽ നിന്നും വിലാസം കണ്ടെത്തി വീട്ടിലെത്തി വൃദ്ധയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശി ബക്സു അലിയെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. തുടർ തെളിവെടുപ്പുകൾക്കായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
ഏപ്രിൽ 12ന് ചീമേനി പട്ടോളി തൊടുവളത്ത് നാരായണിയാണ് കൊള്ളയടിക്കപ്പെട്ടത്. പേരക്കുട്ടിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളെല്ലാം പുറത്തുപോയ സമയത്തായിരുന്നു സ്കൂട്ടറിൽ എത്തിയ പ്രതി ഈ വീട്ടിലേക്ക് എത്തിയത്. ആവശ്യപ്പെട്ടതനുസരിച്ച് നാരായണി വെള്ളമെടുക്കാൻ പോയപ്പോൾ അകത്തുകടന്ന പ്രതി ആദ്യം മേശപ്പുറത്ത് വച്ച 3,000 രൂപ കൈക്കലാക്കി. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാരായണി കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല തന്ത്രപൂർവം ഒളിപ്പിച്ചിരുന്നു. പിന്നാലെ കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി കാതു മുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണക്കമ്മൽ ഊരി വാങ്ങി രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ ശാസ്ത്രീയ തെളിവുകളുടെയും അഞ്ഞൂറിലധികം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷവുമാണ് അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്.
കവർന്ന സ്വർണം ഗുജറാത്തിൽ വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. ചീമേനി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
സി.ആർ.പി.എഫ് ക്യാമ്പിലുമെത്തി
പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിൽ പരിശീലനത്തിലായിരുന്ന സഹോദരപുത്രനെ സന്ദർശിക്കാനാണ് ബക്സു അലി കേരളത്തിലെത്തിയത്. ട്രെയിനിൽ പരിചയപ്പെട്ട മറ്റൊരു ഗുജറാത്ത് സ്വദേശിയുടെ ബൈക്ക് 2000 രൂപയ്ക്ക് വാടകയ്ക്കെടുത്ത സി.ആർ.പി.എഫ് ക്യാമ്പിലെത്തിയ ബക്സു അലി ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു. പയ്യന്നൂരിലേക്ക് മടങ്ങുന്നതിനിടെ മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ വിവാഹസ്ഥലത്തുമെത്തി. ഇവിടെ നിന്നും ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിച്ച പ്രതി അതിലുണ്ടായിരുന്ന വിവാഹ ക്ഷണക്കത്തിൽ നിന്ന് വധുവിന്റെ വീട്ടുവിലാസം കണ്ടെത്തുകയായിരുന്നു.തുടർന്ന് നാട്ടുകാരോട് വഴി ചോദിച്ച് ചീമേനി പട്ടോളിയിലെ വീട്ടിലെത്തിയാണ് ഈയാൾ വൃദ്ധയെ ഭീഷണിപ്പെടുത്തി കമ്മൽ കവർന്ന് ഗുജറാത്തിലേക്ക് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |