മട്ടന്നൂർ: ഉംറ തീർത്ഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് മട്ടന്നൂർ ശിവപുരത്ത് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചെങ്കിലും 42 യാത്രക്കാരും രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
വയനാട് മാനന്തവാടി ഭാഗത്ത് നിന്ന് വന്ന ബസ് ശിവപുരം ടൗണിലെത്തിയപ്പോഴാണ് എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവർ ശ്രദ്ധിച്ചത്. ഉടൻ തന്നെ ബസ് നിർത്തി ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കി. തീർത്ഥാടകരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തെടുത്തു. നിമിഷങ്ങൾക്കകം ബസ് തീപിടിച്ച് പൊട്ടിത്തെറിച്ചു. അഗ്നിജ്വാലകൾ ആകാശത്തേക്ക് ഉയർന്നു.
വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മട്ടന്നൂർ, കൂത്തുപറമ്പ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ബസിന്റെ കംപ്രസറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്തെ ബേക്കറിക്കും ഫ്രൂട്ട്സ് കടയ്ക്കും നാശനഷ്ടം സംഭവിച്ചു. ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുണ്ടായി. രണ്ടു ബസുകളിലായാണ് തീർത്ഥാടകർ കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരുന്നത്. അപകടത്തിൽ പെട്ട ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ വിമാനത്താവളത്തിലെത്തിച്ചു. ഉംറ യാത്ര തടസ്സമില്ലാതെ തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |