SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

നടാൽ അണ്ടർ പാസേജ് : സംയുക്ത സംഘം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും 

nadal
നടാൽ അടിപ്പാതയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ച കളക്ടറേറ്റിൽ ചേർന്ന യോഗം

കണ്ണൂർ: ദേശീയപാത നടാലിൽ അണ്ടർപാസേജ് നിർമ്മിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ, രാഷ്ട്രീയ പാർട്ടികളിടെയും യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള പാസേജിന്റെ പരിമിതികൾ വിവിധ വകുപ്പ് പ്രതിനിധികളുടെ നേതൃത്വത്തിൽ സംയുക്തസംഘം പരിശോധന നടത്തി സർക്കാരിലേക്ക് എത്രയും വേഗം റിപ്പോർട്ട് നൽകാനും യോഗം തീരുമാനിച്ചു.

നടാലിൽ അണ്ടർ പാസേജില്ലാത്തതിനാൽ നാട് ദുരിതം അനുഭവിക്കുകയാണ്. ബസ്സുകളടക്കം വാഹനങ്ങൾ ഏഴുകിലോമീറ്ററോളം ചുറ്റിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. വിദ്യാർത്ഥികൾ, ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ എന്നിവരെല്ലാം ബുദ്ധിമുട്ടുന്നതായി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തെ അറിയിച്ചു.

നിർമ്മാണം തുടങ്ങിയ വേളയിൽ തന്നെ നടാലിൽ അണ്ടർ പാസേജ് വേണമെന്ന ആവശ്യം ഉന്നയിച്ചതായും ഇതിനുള്ള ശ്രമങ്ങൾ നിരന്തരം നടത്തിയിട്ടും അനുകൂല നടപടികളുണ്ടായില്ലെന്നും പ്രദേശവാസികളുടെ പ്രതിനിധികൾ അറിയിച്ചു.

നിലവിൽ അഞ്ചു അടിപ്പാതകൾ ഈ മേഖലകളിൽ നിർമ്മിച്ചിട്ടുണ്ടെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ദേശീയപാത അതോറിറ്റി പ്രതിനിധികളുടെ വിശദീകരണം. എന്നാൽ ബസ്സുകളടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന രീതിയിലല്ല ഇവയിൽ പലതിന്റെയും നിർമ്മാണമെന്ന് ബസ്സുടമകളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിർമ്മാണം ഏറെ മുന്നോട്ടുപോയെന്നും പുതിയ നിർമ്മാണങ്ങൾക്ക് ദേശീയപാത നിർമ്മാണ അതോറിറ്റിയിൽ നിന്നും നിർദ്ദേശങ്ങൾ വേണ്ടിവരുമെന്നും കരാർ ഏറ്റെടുത്തവർ പറഞ്ഞു.

ദേശീയപാത നിർമ്മാണം ജില്ലയിൽ അതിവേഗം പൂർത്തീകരിക്കേണ്ടതുണ്ടെന്നും അണ്ടർ പാസേജ് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ഉടൻ തീർക്കണമെന്നും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ദേശീയപാത നിർമ്മാണ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികൾ, സ്വകാര്യ ബസ്സുടമുകളുടെ പ്രതിനിധികൾ, ദേശീയപാത നിർമ്മാണ അതോറിറ്റി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

വർഷങ്ങൾക്ക് മുമ്പേ ആവശ്യം ഉയർന്നിട്ടും നടാലിൽ അണ്ടർ പാസേജ് നിർമ്മാണത്തിന് പരിഗണന ലഭിക്കാത്തത് ജനങ്ങളോടും നാടിനോടുമുള്ള വെല്ലുവിളിയാണ്

കെ. സുധാകരൻ എം.പി

ജനങ്ങളുടെ താൽപ്പര്യം കൂടി സംരക്ഷിച്ചിട്ട് വേണം ദേശീയപാതയുടെ പൂർത്തീകരണം. നടാൽ അണ്ടർ പാസേജ് ജനകീയ വിഷയമാണ്. കേവലം ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്നമായി കാണരുത്

വി. ശിവദാസൻ എം.പി

ജനങ്ങളുടെയും നാടിന്റെയും ആശങ്കകൾ യഥാസമയം ദേശീയപാത അതോറിറ്റി മുകളിലേക്ക് അറിയിക്കുന്നതിലുള്ള വീഴ്ചകളാണ് അടിപ്പാത നിർമ്മാണം നീണ്ടുപോകാൻ കാരണം

ടി.ഒ മോഹനൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL