
കൊല്ലം: പാരിപ്പള്ളി ജംഗ്ഷനിൽ അപകടഭീഷണി ഉയർത്തി ഉയരപ്പാതയുടെ ആർ.ഇ വാൾ പാനലുകൾ പുറത്തേക്ക് തള്ളി. നാട്ടുകാർ പ്രതിഷേധിച്ചതോടെ ഇന്നലെ കരാർ കമ്പനിയുടെ തൊഴിലാളികളെത്തി തള്ളിയ പാനലുകൾ കമ്പിയടിച്ച് താത്കാലികമായി ഉറപ്പിച്ചു.
കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വലതുവശത്ത് പ്രമുഖ ടെക്സ്റ്റൈൽസിന് മുന്നിലാണ് ആർ.ഇ വാൾ തള്ളിയത്. എട്ട് മീറ്ററോളം ഉയരത്തിലുള്ള ആർ.ഇ വാളിന്റെ മദ്ധ്യഭാഗത്തെ രണ്ട് പാനലുകളാണ് പുറത്തേക്ക് തള്ളിയത്. ഈ ഭാഗത്ത് ആറുവരിപ്പാതയിൽ നിന്നുള്ള മഴവെള്ളം സർവീസ് റോഡിലേക്ക് എത്തിക്കാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
ആർ.ഇ വാൾ തള്ളിയതോടെ പൈപ്പും വളഞ്ഞ് തള്ളുകയായിരുന്നു. മുകളിലെ ആറുവരിപ്പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ജംഗ്ഷനായതിനാൽ തൊട്ടുതാഴെയുള്ള സർവീസ് റോഡിലും എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. അതിന് പുറമേ തൊട്ടടുത്തുള്ള സ്കൂളിലെ വിദ്യാർത്ഥികളും ജംഗ്ഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും ഇതുവഴി നിരന്തരം സഞ്ചരിക്കുന്നതാണ്. ഓരത്തുള്ള കച്ചവട സ്ഥാപനങ്ങളിലും സ്ഥിരമായി ആളുണ്ടാകും. മൈലക്കാട് ആർ.ഇ വാൾ തകർന്നത് പോലെ പാരിപ്പള്ളിയിൽ സംഭവിച്ചാൽ വൻ ദുരന്തമാകും ഉണ്ടാവുക.
മഴവെള്ളമിറങ്ങി മണ്ണ് വികസിച്ചു
മഴവെള്ളം ടാറിനടിയിലൂടെ ഇറങ്ങി മണ്ണ് വികസിച്ചതാകാം പാനലുകൾ തള്ളാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം
ആർ.ഇ വാൾ പാനലുകൾ തള്ളിയ ഭാഗം അഴിച്ചുപണിയുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ
പുതിയ വയഡക്ടുകളുടെ നിർമ്മാണം നടക്കുന്ന മേവറം, മൈലക്കാട് ഇറക്കം, കടവൂർ എന്നിവിടങ്ങളൊഴികെ കാവനാട് - കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണം പൂർത്തിയായ ബാക്കി സ്ഥലങ്ങൾ ജൂൺ 20ന് എൻ.എച്ച്.എ.ഐക്ക് കൈമാറാനായിരുന്നു നേരത്തെയുള്ള ധാരണ
പാരിപ്പള്ളിയിൽ അഴിച്ചുപണി വേണ്ടിവരുന്ന സാഹചര്യത്തിൽ പൂർത്തിയായ സ്ഥലങ്ങളുടെ കൈമാറൽ നീണ്ടേക്കും
മണ്ണ് പരിശോധന നടന്നില്ല
മൈലക്കാട് ഉയരപ്പാത തകർന്നതിന് പിന്നാലെ എൻ.എച്ച്.എ.ഐ പ്രഖ്യാപിച്ച മണ്ണ് പരിശോധന പാരിപ്പള്ളിയിൽ കാര്യമായി നടന്നില്ല. മഴ ശക്തമായി പെയ്തതിന് പിന്നാലെയാണ് ഇവിടെ ആർ.ഇ വാൾ തള്ളിത്തുടങ്ങിയത്. മണ്ണ് ഇരുത്തി ആർ.ഇ വാൾ പാനലുകൾ ഇളക്കം സംഭവിച്ചതാകാം തള്ളാൻ കാരണമെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |