കൊല്ലം: പതിവുപോലെ നീലേശ്വരം ഇന്നലെ ഉണർന്ന് തുടങ്ങിയപ്പോഴാണ് ചീറിപ്പാഞ്ഞു വന്ന ടിപ്പർ ലോറി മുക്കോണിമുക്കിൽ ചോര പടർത്തിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും അപകടത്തിൽപ്പെട്ടവരെല്ലാം ലോറിക്കും മണ്ണിനും അടിയിൽപ്പെട്ട് കിടന്നതിനാൽ രക്ഷാപ്രവർത്തനം അത്ര വേഗം സാദ്ധ്യമായില്ല. പിന്നീട് ജെ.സി.ബി എത്തിച്ചാണ് ലോറിയും മണ്ണും നീക്കി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
രാവിലെ ഏഴോടെ ട്യൂഷന് പോകുന്ന കുട്ടികൾ റോഡിലൂടെ നടന്നുതുടങ്ങുന്നതോടെയാണ് നീലേശ്വരം മുക്കോണിമുക്ക് ഉണർന്നെണീക്കുന്നത്. പിന്നെയേ കടകൾ തുറക്കൂ. തുറക്കാത്ത കകളുടെ വരാന്തകളാണ് മുക്കോണിമുക്കിൽ കുട്ടികൾ കൊട്ടാരക്കരയിലേക്ക് ബസ് കയറാൻ കാത്തുനിൽക്കുന്നത്. ബസ് എത്താറാകുന്നതോടെ അവർ റോഡ് വക്കിലേക്ക് ഇറങ്ങും. ഇന്നലെ ബസ് അൽപം വൈകിയതോടെ കുട്ടികളടക്കം റോഡ് വക്കിലേക്ക് ഇറങ്ങി നിന്നതിന് പിന്നാലെയാണ് ടിപ്പർ ലോറി പാഞ്ഞുവന്നത്.
നീലേശ്വരം മുക്കോണിമുക്കിലെ അപകട സ്ഥലം മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, കൊടിക്കുന്നിൽ സുരേഷ് എം.പി, കളക്ടർ ആനി ജൂല തോമസ്, റൂറൽ എസ്.പി ഷാജി സുഗുണൻ എന്നിവർ സന്ദർശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിയും സന്ദർശിച്ചു. ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിയന്തര സഹായങ്ങൾ നൽകുമെന്നും മന്ത്രിമാർ അറിയിച്ചു.
ഇറക്കം അപകടം
നല്ല ഇറക്കമായാണ് കൊട്ടാരക്കര- എഴുകോൺ റോഡിൽ കടയ്ക്കോട് നിന്നുള്ള റോഡ് വന്നുചേരുന്നത്. കടയ്ക്കോട് നിന്നുള്ള പതിവ് യാത്രക്കാർ ശ്രദ്ധിച്ചേ കൊട്ടാരക്കര റോഡിലേക്ക് ഇറങ്ങാറുള്ളു. ഭാരം കയറ്റിവരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമാകാനുള്ള സാദ്ധ്യത കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |