
കോട്ടയം : വൈദ്യുതിലൈനുകൾക്ക് സമീപം ഇരുമ്പു തോട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് മൂലമുള്ള അപകടങ്ങൾ പതിവാകുന്നു. വൈക്കത്ത് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വയോധിക ഇന്നലെ മരിച്ചതാണ് ഒടുവിലത്തേത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ അപകടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ പറിക്കുമ്പോഴാണ് അപകടങ്ങളേറെയും. വൈദ്യുതിലൈനുകൾക്കു സമീപമുള്ള ഫലവൃക്ഷങ്ങളിൽ നിന്ന് ലോഹത്തോട്ടികൾ ഉപയോഗിച്ചു കായ്‌ക്കളും മറ്റും പറിക്കാൻ ശ്രമിക്കരുതെന്നു പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലം കാണുന്നില്ല. നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ സുലഭമാണ്. ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തണം. വൈദ്യുതിലൈനുകൾക്ക് സമീപമുള്ള വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി സഹായം തേടണം. വൈദ്യുതികമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സമീപത്ത് പോകുകയോ സ്പർശിക്കുകയോ ചെയ്യരുത്. വിവരം ഉടൻ തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫീസിലോ, ഹെൽപ്പ് ലൈൻ നമ്പരിലോ അറിയിക്കണം.
ഷോക്കേറ്റയാളെ സ്പർശിക്കരുത്
ഷോക്കേറ്റ വ്യക്തിയെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം മാത്രമേ സ്പർശിക്കാവൂ
ഷോക്കേറ്റയാളെ ഉണങ്ങിയ തടിക്കഷണം ഉപയോഗിച്ച് വേണം തട്ടിമാറ്റാൻ
കെട്ടിട നിർമ്മാണ ജോലികൾ ചെയ്യുമ്പൾ ലൈനിൽ നിന്ന് അകലം പാലിക്കണം
ലോഹനിർമ്മിത പൈപ്പുകളുള്ള റോളർബ്രഷുകൾ ഉപയോഗിച്ച് പെയിന്റിംഗ് ജോലി ചെയ്യരുത്
നനഞ്ഞ വിരലുകൾ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്.
വൈദ്യുതിലൈനുകളുടെ മുകളിൽക്കൂടി വൃക്ഷങ്ങൾക്കുള്ള താങ്ങുകമ്പി വലിച്ചുകെട്ടരുത്
വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കമ്പികളിലോ കന്നുകാലികളെ കെട്ടരുത്
മരത്തോട്ടിയും വില്ലനാകും
മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളിൽ ഈർപ്പത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ചെറിയ വോൾട്ടേജിൽ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്. അതുകൊണ്ട് വൈദ്യുതി ലൈനുകൾക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
''സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ് പലരും തോട്ടിയായി ഉപയോഗിക്കുന്നത്. പലയിടത്തും മരങ്ങൾക്കിടയിലൂടെ വൈദ്യുതിലൈൻ കടന്നു പോകുന്നത്. ശ്രദ്ധയൊന്ന് തെറ്റിയാൽ ലൈനിൽ തട്ടാനും ഷോക്കേൽക്കാനും സാദ്ധ്യതയേറെയാണ്.
-പൊതുപ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |