SignIn
Kerala Kaumudi Online
Thursday, 18 June 2026 5.22 AM IST

കൊട്ടാരമറ്റത്തെ വിവാദ ഓട്ടോ സ്റ്റാൻഡ് : നടപടി സ്വീകരിക്കാൻ മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി

auto

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോസ്റ്റാൻഡ് വിഷയത്തിൽ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി പാലാ മുനിസിപ്പൽ കൗൺസിൽ യോഗം. മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി നിർദ്ദേശം നൽകിയ ഉടൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം സഭ വിട്ടിറങ്ങി.

നഗരസഭാ ഭരണസമിതിയിൽ സ്റ്റാൻഡ് സംബന്ധിച്ച വിഷയം ഭിന്നത ഉണ്ടാക്കിയെങ്കിലും ഇന്നലെ കൗൺസിൽ യോഗത്തിന് മുൻപ് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ഭരണസമിതി ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാൻ തീരുമാനം എടുക്കുകയായിരുന്നു. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷം കത്ത് നൽകിയിരുന്നതിനെത്തുടർന്നാണ് കൗൺസിൽ വിളിച്ചത്. അനധികൃത ഓട്ടോ സ്റ്റാൻഡ് നീക്കുന്നതിനും, സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കം നീക്കുന്നതിനും ഹൈക്കോടതിയിൽ ഉത്തരവുള്ളതിനാൽ നഗരസഭയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക പ്രയാസമാണ്. കോടതിവിധിക്കെതിരായി ഓട്ടോസ്റ്റാൻഡ് വേണമെന്ന പ്രമേയം കൗൺസിൽ പാസാക്കിയാൽ കോടതിയലക്ഷ്യമായി മാറിയേനെ. തീരുമാനമെന്താകുമെന്ന ആകാംക്ഷയിൽ ഓട്ടോ തൊഴിലാളികളും, മാദ്ധ്യമ പ്രവർത്തകരും കൗൺസിൽ ഹാളിന് പുറത്ത് കൂട്ടമായെത്തി. തങ്ങളുടെ വിഷയം പരിഹരിക്കാൻ മുൻകൈ എടുത്തെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ഭരണപക്ഷ കൗൺസിലർമാർക്കും പ്രതിപക്ഷ നേതാവിനും വൈസ് ചെയർപേഴ്‌സണും ഓട്ടോ തൊഴിലാളികൾ മാലയിട്ട് സ്വീകരണമൊരുക്കി.

ഒഴിപ്പിക്കാൻ പൊലീസെത്തി, പൊടുന്നനെ പിൻവലിഞ്ഞു

ഓട്ടോ സ്റ്റാൻഡ് ഒഴിപ്പിക്കാൻ പാലാ പൊലീസ് ഇന്നലെയെത്തി. പക്ഷേ ഉന്നത ഇടപെടൽ മൂലം പൊടുന്നനെ പിൻവലിഞ്ഞു. വിഷയം ഇന്നലെ പാലാ നഗരസഭായോഗം ചർച്ച ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓട്ടോ തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനായി രണ്ടുവണ്ടി പൊലീസെത്തിയത്. എന്നാൽ ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെടുകയായിരുന്നു. എന്നാൽ കോടതിവിധിയുടെ പശ്ചാത്തലത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് പറഞ്ഞു.

''തങ്ങൾ നൽകിയ കത്ത് അനുസരിച്ചുള്ള പ്രശ്‌നം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അത് ഗൗനിക്കാതെ ചെയർപേഴ്‌സണും, ഭരണകക്ഷിയംഗങ്ങളും ഹാളിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പ്രതിപക്ഷത്തെ കേൾക്കാതെയുള്ള ചെയർപേഴ്‌സന്റെ ഏകാധിപത്യ നടപടിയാണിത്.

-ബിജു പാലുപടവൻ, പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL