SignIn
Kerala Kaumudi Online
Sunday, 19 July 2026 9.21 PM IST

ജില്ലയിൽ തെരുവുനായശല്യം അതിരൂക്ഷം കുരച്ച് ചാടിവീഴും, ഭയന്നുപോകും!

dogs

കോട്ടയം: മനസിൽ ഭീതിയാണ്. പക്ഷേ പുറത്തിറങ്ങിയേ പറ്റൂ. നടന്നുനീങ്ങുമ്പോൾ നായ ഏതുനിമിഷവും ചാടിവീഴാം. പലകുറി ഭാഗ്യത്തിന്റെ അകമ്പടിയിൽ കടിയേൽക്കാതെ രക്ഷപ്പെട്ടു....! ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാകുമ്പോൾ വിദ്യാർത്ഥികൾ, വീട്ടമ്മമാർ അങ്ങനെ പലരും അവരുടെ വ്യക്തമാക്കുകയാണ്. കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രി റോഡ്, റെയിൽവേ സ്റ്റേഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ്, തിരുനക്കര ബസ് സ്റ്റാൻഡ്, കോടിമത മാർക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ പകൽപോലും തെരുവുനായകൂട്ടത്തെ പേടിച്ച് യാത്രചെയ്യേണ്ട അവസ്ഥയിലാണ് ആളുകൾ. മാസങ്ങൾക്ക് മുമ്പ് കോട്ടയം നഗരമധ്യത്തിൽ നിരവധിയാളുകളെ പേവിഷബാധയേറ്റ നായ ആക്രമിച്ചിരുന്നു.

ഇഴഞ്ഞ് എ.ബി.സി പദ്ധതി
തെരുവുനായ നിയന്ത്രണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന അനിമൽ ബർത്ത് കൺട്രോൾ പദ്ധതി കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പദ്ധതി തുടരുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.

അഞ്ച് മാസത്തിനിടെ കടിയേറ്റത്: 3194 പേർക്ക്

ജൂൺ മാസത്തിൽ മാത്രം കടിയേറ്റത്: 596 പേർക്ക്

വെള്ളൂരിൽ മൂന്ന് പേർക്ക് കടിയേറ്റു

ഇന്നലെ വൈക്കം വെള്ളൂരിൽ തെരുവുനായ ആക്രമണത്തിൽ സ്ത്രീയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളൂർ ഷാപ്പിലെ ജീവനക്കാരൻ മോഹനൻ (60), സമീപവാസിയും അംഗപരിമിതനുമായ മണി (70), ഒരു വീട്ടമ്മ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. പ്രദേശത്തെ വളർത്തുനായ്ക്കളെയും പൂച്ചകളെയും തെരുനായ ആക്രമിച്ചു. ഒരു വളർത്തുനായ ചത്തു. തിരുവഞ്ചൂർ നീലാണ്ടപടിക്ക് സമീപം അടുത്തിടെ ഏഴ് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ സീറ്റുകൾ തെരുവുനായകൾ കടിച്ചുകീറി നശിപ്പിച്ച സംഭവവും ചർച്ചയായി.

160 താറാവുകളെ കടിച്ചുകൊന്നു

അയ്മനം പഞ്ചായത്തിലെ 17ാം വാർഡിൽ ഇടമന ഉതുപ്പു വർഗീസിന്റെ 160 താറാവുകളെ തെരുവുനായകൂട്ടം കടിച്ചുകൊന്നിരുന്നു. സെൻസസ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയ്ക്ക് നേരെയും ആക്രമണമുണ്ടായി.

തെരുവുനായ ശല്യം നിയന്ത്രിക്കാൻ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും വേഗത്തിലാക്കണം. ആക്രമണകാരികളായ നായ്ക്കളെ അടിയന്തരമായി പിടികൂടണം (അജിമോൻ, നഗരവാസി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STREET DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL