മലപ്പുറം: ജില്ലയിൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. മൺസൂൺ കാലത്ത് പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ള സാംക്രമിക രോഗങ്ങളെ തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 'ക്ലീൻ ഷോട്ട് മലപ്പുറം 2026' എന്ന പേരിൽ വിപുലമായ ബോധവൽക്കരണ ക്യാമ്പയിന് ഇന്നലെ തുടക്കം കുറിച്ചു. പദ്ധതിയിലൂടെ ജില്ലയിൽ 100 ശതമാനം രോഗപ്രതിരോധമാണ് ലക്ഷ്യമിടുന്നത്.
30 വരെ നീണ്ടുനിൽക്കുന്ന കാമ്പെയിനിൽ പ്രധാനമായും കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണത്തിനാണ് മുൻഗണന നൽകുന്നത്. സ്‌കൂളുകൾ, പൊതുസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നത് തടയാനും കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ അടക്കമുള്ള ശുദ്ധീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാനും നടപടി സ്വീകരിച്ച് വരുന്നുണ്ട്. കൃത്യമായ ഷെഡ്യൂൾ തയാറാക്കി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകളും പൊതുജനങ്ങൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരെ ഏകോപിപ്പിച്ചാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
ഷിഗെല്ല ഉറവിടം അജ്ഞാതം
ജില്ലയിൽ ഷിഗെല്ല ബാധിച്ച് മരിച്ച രണ്ട് പേരുടെയും രോഗ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. നിലവിൽ ജില്ലയിൽ ഒരാൾ മാത്രമാണ് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ളത്. മമ്പാട് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകനായ രണ്ട് വയസ്സുകാരനാണ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി സരോജിനി (59), കോഡൂർ വടക്കേമണ്ണ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആർജവ് എന്നിവരാണ് ഷിഗെല്ല ബാധിച്ച് ജില്ലയിൽ ഈയിടെ മരണപ്പെട്ടത്.
അതേസമയം, രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലുടനീളം ഈ മാസം ഏഴ് മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകളും നടക്കുന്നുണ്ട്.
മൺസൂൺ കാലത്ത് പാനീയങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഷിഗെല്ല പോലുള്ള രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. മലിനമായ വെള്ളം, കേടായ ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്.
ഡോ.സി.ഷുബിൻ, ഡെപ്യൂട്ടി ഡി.എം.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |