SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.10 AM IST

കാടുമൂടി ജലസേചന വകുപ്പിന്റെ സ്ഥലം

mannarkkad
മിനി സിവിൽസ്റ്റേഷന് പിൻവശത്തായി കാടുമൂടി കാഞ്ഞിരപ്പുഴ ജലസേചനവകുപ്പിന്റെ സ്ഥലം.

 വിവിധ പദ്ധതികൾക്ക് സ്ഥലം തേടി മണ്ണാർക്കാട് നഗരസഭ


മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനവകുപ്പിന്റെ മണ്ണാർക്കാട് നഗരസഭാ പരിധിയിലുള്ള ഭൂമി നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും പദ്ധതി പ്രവർത്തനങ്ങൾക്കായി വിട്ടുനൽകണമെന്ന ആവശ്യം ശക്തം. മുക്കണ്ണം വാർഡിലുള്ള കൊന്നക്കാടും കോടതിപ്പടി മിനി സിവിൽസ്റ്റേഷന് പിന്നിലുമായാണ് ജലസേചനവകുപ്പിന്റെ സ്ഥലമുള്ളത്. കൊന്നക്കാടുള്ള നാല് ഏക്കർ ഭൂമി കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ജയിൽ വകുപ്പിന് കൈമാറിയതാണ്. ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ടെന്നല്ലാതെ ജയിൽനിർമ്മാണ നടപടികൾ തുടങ്ങിയിട്ടില്ല. പ്രസ്തുത ഭൂമിക്കായി നഗരസഭ ആവശ്യമുന്നയിക്കാൻ തുടങ്ങിയിട്ട് നാളുകളായി. മണ്ണാർക്കാട് ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌റ്റേഡിയം, മാലിന്യ സംസ്‌കരണ കേന്ദ്രം തുടങ്ങിയ ബഹുമുഖ പദ്ധതികൾ നടപ്പിലാക്കാനായി നഗരസഭയ്ക്ക് ഭൂമികണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഈ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ നഗരസഭാ കൗൺസിലിൽ പ്രമേയംവരെ അവതരിപ്പിക്കപ്പെട്ടു. കൊന്നക്കാടിലെ ഭൂമിയിൽ ജയിൽ നിർമ്മിക്കാത്ത സ്ഥിതിക്ക് തീരുമാനം റദ്ദാക്കി മണ്ഡലത്തിൽ തന്നെ മറ്റ് അനുയോജ്യമായ സ്ഥലം ജയിലിനായി കൈമാറാവുന്നതേയുള്ളുവെന്നും സ്ഥലം വിട്ടുകിട്ടാൻ ഇപ്പോഴും സാദ്ധ്യതകളുണ്ടെന്നുമാണ് ഭരണസമിതിയുടെ നിരീക്ഷണം. നഗരസഭയുടെ പ്രമേയത്തിൻമേൽ ക്യാബിനറ്റിൽ തീരുമാനമെടുത്താൽ നടപ്പിലാക്കാനാവുമെന്നുമാണ് പ്രതീക്ഷ. കോടതിപ്പടി മിനിസിവിൽ സ്റ്റേഷന് പിൻവശത്തായി 1.92 ഏക്കർ ഭൂമിയാണ് ജലസേചനവകുപ്പിന്റെ കീഴിലുള്ളത്. ഇതിൽ അരഏക്കറോളം ഭൂമി കോടതി കെട്ടിടം നിർമ്മിക്കുന്നതിനായി വിട്ടുനൽകാൻ അനുമതി ആയതാണ്. അവശേഷിക്കുന്ന ഭൂമി കാടുമൂടിക്കിടക്കുകയാണ്. ഇതിൽ കുറച്ചുഭാഗം ഭൂരഹിതരായ ആളുകൾക്ക് താമസ സൗകര്യമൊരുക്കാനുള്ള നഗരസഭയുടെ ഫ്ളാറ്റ് സമുച്ചയ പദ്ധതിക്ക് കൈമാറണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സൈസ് വകുപ്പിനും റവന്യൂ ഡിപ്പാർട്ടുമെന്റിന്റെ മറ്റൊരു കെട്ടിടത്തിനായും ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യവും നിലവിലുണ്ടെന്ന് കാഞ്ഞിരപ്പുഴ ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MANNARKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL