SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

കോഴിത്തീറ്റ വില കുതിച്ചുയരുന്നു

poultry-feed

പാലക്കാട്: സംസ്ഥാനത്ത് കോഴിത്തീറ്റ വില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയോളം കൂടി. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവാണ് മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള വിലക്കയറ്റത്തിന് കാരണം. തീറ്റവില ഉയർന്നതോടെ കോഴിവളർത്തൽ ഉപേക്ഷിക്കാനൊരുങ്ങുകയാണ് കർഷകർ.

കഴിഞ്ഞ രണ്ടുമാസമായി കോഴിത്തീറ്റ വിലയിൽ ഗണ്യമായ വില വർദ്ധന ഉണ്ടായിട്ടുണ്ട്. ഏകദേശം 1,900 രൂപ വിലയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,400 രൂപ വരെയായി. കോഴി കൃഷിക്ക് ആവശ്യമായ അറക്കപ്പൊടി കിട്ടാനും ബുദ്ധിമുട്ടുണ്ട്. ചോളം, മെയ്സ്, തവിട്, മൊളാസിസ്, കപ്പലണ്ടി, കപ്പപ്പൊടി എന്നിവ ഉൾപ്പെടുന്ന തീറ്റയാണ് കോഴിവളർത്തലിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം 40 ദിവസം കോഴിക്കുഞ്ഞുങ്ങളെ വളർത്തിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. സാധാരണ മൂന്ന് കിലോ തീറ്റ നൽകിയാൽ രണ്ട് കിലോ തൂക്കമുള്ള കോഴി ലഭിക്കുമെങ്കിലും അടുത്തിടെ തീറ്റയുടെ ഗുണനിലവാരം കുറഞ്ഞതോടെ പ്രതീക്ഷിച്ച വളർച്ച ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.

ചെലവ് കൂടുതൽ

ഫാമുകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ആയിരം രൂപയ്ക്ക് മുകളിലാണ് പണിക്കൂലി വാങ്ങുന്നത്. ടാക്സ്, ലൈസൻസ് ഇനത്തിൽ നൽകേണ്ട തുക വളരെ കൂടുതലാണെന്നും കർഷകർ പറയുന്നു. കോഴിത്തീറ്റ വില വർദ്ധനവിനിടെ കോഴി വിലയിൽ ഉണ്ടാകുന്ന വ്യതിയാനവും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ സബ്‌സിഡി പോലുള്ള ആനൂകൂല്യങ്ങൾ അനുവദിച്ച് കർഷകർക്ക് കൈത്താങ്ങാകണമെന്നാണ് ആവശ്യം.

 ഇറച്ചിവില ഇനിയും ഉയരും

സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം ആളുകൾ നേരിട്ടും പരോക്ഷമായും കോഴിവളർത്തൽ മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മേഖലയിലെ തൊഴിലും ഉൽപാദനവും വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ. ഉയർന്ന മുതൽമുടക്ക് കാരണം പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ പലരും തയ്യാറാകുന്നില്ല. ഇത് വിപണിയിൽ കോഴിയിറച്ചിയുടെ ലഭ്യത കുറയ്ക്കാൻ ഇടയാക്കും. നിലവിൽ കിലോയ്ക്ക് 250 രൂപയാണ് ഇറച്ചിക്കോഴിയുടെ വില. ഈ സാഹചര്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇത് 300 രൂപവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POULTRY FEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL