SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

വാളയാറിൽ കടുവയിറങ്ങി; ആടിനെ കടിച്ചുകൊന്നു

kaduva
വാളയാർ ആറ്റുപ്പതിയിൽ കടുവ കടിച്ചുകൊന്ന ആട്.

വാളയാർ: വാളയാറിൽ കടുവ ഇറങ്ങി. ഒരു ആടിനെ കടിച്ച് കൊന്ന ശേഷമാണ് കടുവ മടങ്ങിയത്. വാളയാറിന് അടുത്ത് വനമേഖലയോട് ചേർന്ന് കിടക്കുന്ന ആറ്റുപ്പതിയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവയുടെ വിളയാട്ടം. വട്ടപ്പാറ ആറ്റുപ്പതി വനം വകുപ്പ് വാച്ചറും മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ മുനിയപ്പന്റെ ആടിനെയാണ് കടുവ പിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ 4 മണിക്കാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വീട്ടുവളപ്പിൽ കെട്ടിയിരുന്ന ആടിനെയാണ് കൊന്നത്. ആടിന്റെ നിലവിളി കേട്ടുണർന്ന വീട്ടുകാരാണ് കടുവയെ കണ്ടത്. ഭയന്ന് വിറച്ച വീട്ടുകാർ കൂട്ടത്തോടെ നിലവിളിച്ചു. ശബ്ദം കേട്ട് കടുവ ഉൾക്കാട്ടിലേക്ക് ഓടിപ്പോയി. മൂന്നുദിവസം മുമ്പും പ്രദേശത്ത് കടുവ ഒരു മാനിനെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നത് കണ്ടതായി ചില പ്രദേശവാസികൾ പറഞ്ഞിരുന്നു.

 ആന, കുരങ്ങ്, കരടി, കടുവ, ചെന്നായ

വാളയാർ വനമേഖലയോട് ചേർന്ന് കിടക്കുന്ന ആറ്റുപ്പതി ഗ്രാമം ഭീതിയിലാണ്. കുരങ്ങ് മുതൽ കടുവ വരെ ജനവാസ മേഖലയിലിറങ്ങി വിഹരിക്കുകയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണിത്. അടുത്ത കാലത്തായി കുരങ്ങുകൾ കൂട്ടത്തോടെ കാടിറങ്ങി വന്നത് വലിയ പ്രശ്നമായി മാറി. ഇതിനിടയിൽ രണ്ട് കരടികൾ ഇത് വഴി നടന്ന് പോകുന്നത് ചിലർ കണ്ടതോടെ പ്രദേശവാസികളുടെ ഭയം വർദ്ധിച്ചു. ഒരുമാസം മുമ്പ് ഇവിടെ ഇറങ്ങിയ ചെന്നായക്കൂട്ടം 20 ഓളം ആടുകളെ കടിച്ചു കൊല്ലുകയും ചെയ്തു. ഇതെല്ലാം ഭയന്ന് കഴിയുന്നതിനിടയിലാണ് കടുവയുടെ രംഗപ്രവേശം. വീടുകളുടെ വാതിൽ തുറക്കുന്നത് പോലും ഭയത്തോടെയാണ്. പുറത്ത് കെട്ടിയിട്ടിരിക്കുന്ന കന്നുകാലികൾക്ക് ഒരു സുരക്ഷിതത്വവുമില്ല. തീറ്റ തേടി വനത്തിനകത്ത് നിന്ന് മൃഗങ്ങൾ പുറത്തിറങ്ങുന്നത് വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്.

ആറ്റു പതിയിൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത സ്ഥിതിയാണ്. സിംഹം ഒഴികെയുള്ള വന്യമൃഗങ്ങളെല്ലാം ഇവിടെ എത്തിക്കഴിഞ്ഞു. ഭയന്നാണ് ജനങ്ങൾ ജീവിക്കുന്നത്. പ്രശ്നത്തിൽ പഞ്ചായത്തും വനം വകുപ്പും അടിയന്തിരമായി ഇടപെടണം.

കാജ വാളയാർ, പരിസ്ഥിതി സംഘടനയായ ഗ്രീൻ അന്റ് ക്ലീൻ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL