പത്തനംതിട്ട : കാലവർഷം ശക്തമായി പമ്പ, മണിമല, അച്ചൻകോവിൽ നദികൾ നിറഞ്ഞതോടെ തീരം ഇടിയുമെന്ന ആശങ്കയും ഉയർന്നു. നാലുമാസത്തിലേറെയായി വരണ്ടുകിടന്ന നദികളാണ് ജലസമൃദ്ധമായത്. പമ്പാനദിയിലെ ജലനിരപ്പ് ആറടിയിൽ അധികം ഉയർന്നു. കക്കാട്ടാറ്, കല്ലാറ് തുടങ്ങിയ കിഴക്കൻ പോഷക നദികളിൽ ജലപ്രവാഹം വർദ്ധിച്ചു. പകൽ അതിതീവ്ര മഴ പെയ്തതോടെ വ്യാഴാഴ്ച വൈകുന്നേരം നദിയിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്ക് വർദ്ധിച്ചു.
മൂഴിയാർ തുറന്നേക്കും
വരുംദിവസങ്ങളിൽ മഴ ശക്തമായാൽ മൂഴിയാർ ഡാം തുറക്കാനാണ് സാദ്ധ്യത. കിഴക്ക് മഴ വ്യാപിച്ചാൽ കക്കാട്ടാറ്റിൽ ഒഴുക്ക് വർദ്ധിക്കും. ശബരിഗിരിയിൽ ഉത്പാദനം കൂടുക കൂടി ചെയ്താൽ മൂഴിയാർ ഡാം നിറയും. ഇതോടെ സ്പിൽവേ തുറക്കാൻ അധികൃതർ നിർബന്ധിതരാകും. മൂഴിയാർ ഡാം തുറന്നാൽ സീതത്തോട്ടിലുള്ള അള്ളുങ്കൽ, കാരിക്കയം എന്നീ സ്വകാര്യ ഡാമുകളും വൈദ്യുതി ബോർഡിന്റെ പെരുനാട് ഡാമും തുറക്കേണ്ടിവരും. മണിയാർ ഡാമിന്റെ ഷട്ടറുകൾ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇപ്പോൾ ഉയർത്തിയിരിക്കുകയാണ്. അങ്ങനെ വന്നാൽ പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാദ്ധ്യത.
തീരം ഇടയുമെന്ന് ആശങ്ക
പ്രളയകാലത്തെ മണൽ നദികളിൽ നിന്ന് നീക്കം ചെയ്യാത്തതുകാരണം ശക്തിയായ ഒഴുക്കിൽ വെള്ളം തീരത്തേക്ക് ഇടിച്ചുകയറുന്നുണ്ട്. നദികളുടെ നടുക്ക് പ്രളയമണൽ അടിഞ്ഞ് കട്ടിയായി. പമ്പാനദിയുടെ തീര പ്രദേശങ്ങളായ അത്തിക്കയം, മാടമൺ, നാറാണംമൂഴി, റാന്നി വലിയപാലത്തിന് സമീപം, അയിക്കൽ, പുതമണ്ണ് ഭാഗങ്ങളിൽ തീരം ഇടിയുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
ജില്ലയിൽ ലഭിച്ച അധിക മഴ : 71%
(ജൂൺ ഒന്നു മുതൽ ആറുവരെ)
സംസ്ഥാന ശരാശരി 22 %
ആകെ ലഭിച്ച മഴ : 155 മില്ലിമീറ്റർ.
പ്രതീക്ഷിച്ചത് : 90.4 മില്ലിമീറ്റർ
സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ടയിൽ.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തിരുവല്ല താലൂക്കിൽ കവിയൂർ പടിഞ്ഞാറ്റുശ്ശേരി എൽ.പി.എസിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
കുടുംബങ്ങൾ - 4 പുരുഷൻമാർ - 6, സ്ത്രീകൾ - 5.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |