SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.26 AM IST

ഭാഗ്യം തുണച്ചു, ലോട്ടറി കോളനി ജനിച്ചു

remani
നറുക്കെടുപ്പിൽ കിട്ടിയ ഭൂരേഖയുമായി രമണി അമ്മ

പത്തനംതിട്ട: റാന്നി പേഴുംപാറയ്ക്ക് സമീപമുള്ള ഭൂരഹിതർക്ക് പണ്ട് ലോട്ടറിയടിച്ചു കിട്ടിയത് രണ്ടേക്കർ സർക്കാർ ഭൂമി വീതമാണ്. ഭാഗ്യദേവത മാടിവിളിച്ച ആ സർക്കാർ ഭൂമിയുടെ ഉടമസ്ഥർ താമസിക്കുന്ന സ്ഥലം ഇന്നും അറിയപ്പെടുന്നത് ലോട്ടറി കോളനി എന്നപേരിൽ. 1975ലാണ് ഭൂമി നൽകാൻ സർക്കാർ നറുക്കെടുത്തത്.

ഇന്നത്തെ പത്തനംതിട്ട ജില്ല 1975ൽ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. ഭൂമിയില്ലാത്ത നിരവധി ആളുകൾക്ക് ഭൂമി നൽകാൻ അന്നത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വടശേരിക്കരയ്ക്ക് അടുത്ത് പേഴുംപാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള മലമുകളിലേക്കുള്ള വനപ്രദേശമാണ് സർക്കാർ കണ്ടെത്തിയ സ്ഥലം. നിരവധി ഭൂരഹിതരാണ് അപേക്ഷിച്ചത്. രണ്ടേക്കർ വീതം അനുവദിച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കൂടിയത് പ്രശ്നമായി. മുന്നൂറോളം പേർക്ക് ഭൂമി നൽകാനായിരുന്നു തീരുമാനം. തുടർന്നാണ് നറുക്കിട്ടത്. ഉദ്യോഗസ്ഥരുടെ വൻസംഘം സ്ഥലത്തെത്തി അപേക്ഷകരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുത്തതെന്ന് ഭൂമി ലഭിച്ച ആളുകളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം പേരിൽ ഒരാളായ മഠത്തിൽകോയിക്കൽ രമണി അമ്മ പറഞ്ഞു. വടശേരിക്കര പഞ്ചായത്തിലെ ഏഴും എട്ടും വാർഡുകൾ ചേർന്നതാണ് ലോട്ടറി കോളനി.ഇവിടേക്ക് വരുന്ന കത്തുകളുടെ മേൽവിലാസത്തിലും ലോട്ടറി കോളനി എന്നാണ്.

വികസനത്തിൽ നിർഭാഗ്യം

കോളനിയുടെ പേരിലേയുള്ളു ലോട്ടറി. വികസനകാര്യത്തിൽ ഒട്ടും ഭാഗ്യമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പേഴുംപാറയിൽ നിന്ന് മൂന്ന് മീറ്റർ വീതിയിൽ കോളനിയിലേക്ക് റോഡ് ടാർ ചെയ്തിട്ടുണ്ടെങ്കിലും ബസില്ല. യാത്രാ മാർഗമില്ലാതെ വിദ്യാർത്ഥികൾ ഉൾപ്പെടെ വലയുന്നു. ഉയർന്ന പ്രദേശമായതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശത്ത് വഴിവിളിക്കുകളില്ല. ജീവിക്കാൻ ബുദ്ധിമുട്ടായതോടെ പലരും ഭൂമി വിറ്റ് മറ്റു സ്ഥലങ്ങളിലേക്ക് പോയി. ഇൗ സ്ഥലങ്ങൾ വാങ്ങിയവർ റബർ നട്ടിരിക്കുകയാണ്. .

മണിയാറിന്റെ സൗന്ദര്യം

ലോട്ടറി കോളനിയുടെ ഒരുഭാഗത്തെ അതിരിൽ നിന്നാൽ താഴെ മണിയാർ അണക്കെട്ടു കാണാം. വനത്തിനുള്ളിലൂടെ ഒഴുകിവരുന്ന കക്കാട്ടാറിന്റെ സൗന്ദര്യം ആസ്വദിക്കാം. കോടമഞ്ഞ് നിറയുന്ന പ്രദേശത്ത് ഫോട്ടോഷൂട്ടിനെത്തുന്നവരും ധാരാളം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL