പെരുമ്പെട്ടി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെരുമ്പട്ടി പൊലീസ് അറസ്റ്റു ചെയ്തത് വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ. എഴുമറ്റൂർ കൈമല പുത്തൻപുരക്കൽ ഷർഫിൻ സെബാസ്റ്റ്യൻ (25)നെ ജില്ലാ ഡാൻസാഫ് ടീം, റാന്നി സബ് ഡിവിഷൻ ഡാൻസാഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഞായറാഴ്ച പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ 1.59 0ഗ്രാം എം.ഡി.എം.എയ്‌ക്കൊപ്പം ആന്റി ഡ്രഗ് മൂവ്‌മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡ് കണ്ടെടുത്തു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. പൊലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് കണക്കാക്കാതെ പൊലീസ് നടത്തിയ തെരച്ചിലിലാണ് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ രഹസ്യഅറയിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. പരിശോധനയിൽ വ്യാജ ഐഡന്റിറ്റി കാർഡും എം.ഡി.എം.എ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലർ, എം.ഡി.എം.എ ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന എൽ ആകൃതിയിലുള്ള ഫ്യുവിംഗ് പൈപ്പുകൾ, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ മുതലായവയും കണ്ടെടുത്തു. നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു ഷർഫിൻ. ഇയാളുടെ പേരിൽ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗൺ സ്റ്റേഷനിലും മയക്കുമരുന്ന് കേസും കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |