
പത്തനംതിട്ട : സെൻസസുമായി ബന്ധപ്പെട്ട് സ്വയംവിവരങ്ങൾ നൽകാനുള്ള സൗകര്യം ഇന്ന് അവസാനിക്കും. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റർ വീടുകളിൽ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് സെൽഫ് എന്യുമറേഷൻ (എസ്.ഇ) ചെയ്യാം.
സെൻസസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിൽ സെൽഫ് എന്യൂമറേഷൻ ഡേ ആചരിച്ചു. സർക്കാർ ഓഫീസുകളും പൊതുമേഖലാസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക അസംബ്ലികളും ബോധവത്കരണ ക്ലാസും ഡിജിറ്റൽ പ്രചാരണങ്ങളും നടത്തി. രാജ്യത്തെ 16 മത് ജനസംഖ്യ കണക്കെടുപ്പ് 2026 - 27 വർഷങ്ങളിൽ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തൽ സംസ്ഥാനത്ത് ജൂലായ് ഒന്നിന് ആരംഭിക്കും.
സെൽഫ് എന്യുമറേഷൻ
പൂർത്തിയാക്കിയ കുടുംബങ്ങൾ : 40,459
സ്വയം വിവരങ്ങൾ നൽകേണ്ട വിധം
https://se.census.gov.in പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണം. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാർക്കർ' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരം പരിശോധിച്ച് ഫൈനൽ സബ്മിറ്റ് നൽകുക.
വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ് എന്യൂമറേഷൻ ഐഡി (എസ്.ഇ.ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കൈമാറിയാൽ മതി. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂൺ 30നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ് ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. ഇവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. കൂടുതൽ വ്യക്തതയ്ക്ക് പോർട്ടലിൽ യൂസർ ഗൈഡും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |