
തിരുവല്ല : ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി മൃതദേഹ പരിശോധനയ്ക്ക് പൊലീസിനെ സഹായിച്ചിരുന്ന തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിൽ പുത്തൻവീട്ടിൽ സോമന്റെ (56) ചികിത്സയ്ക്ക് വഴിയൊരുങ്ങി. മാദ്ധ്യമവാർത്തകളെ തുടർന്ന് അഡ്വ.വർഗീസ് മാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചികിത്സ ഏറ്റെടുക്കും. ആശുപത്രി അധികൃതരുമായി സംസാരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് എം.എൽ.എ അറിയിച്ചു.
ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിൽ പൊലീസിന്റെ സഹായിയായിരുന്ന സോമൻ. പത്തനംതിട്ട ചന്ദനപ്പള്ളിയിൽ 22ദിവസം പഴക്കമുള്ള പുഴുവരിച്ച മൃതദേഹം മുള്ളുകൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നതിനിടെ കാലിന്റെ തുടയിൽ മുള്ളുകൊണ്ടുണ്ടായ ചെറിയ മുറിവിലൂടെ അണുബാധ ഉണ്ടാകുകയായിരുന്നു. ഇപ്പോൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമനെ പൊലീസുകാർ ഉൾപ്പെടെ സഹായിച്ചിരുന്നു. എന്നാൽ ഗുരുതര അണുബാധയുടെ ചികിത്സ തുടരുന്നതിനാൽ ഭാരിച്ച ചെലവുകൾ താങ്ങാനാകാതെ സോമനും കുടുംബവും ബുദ്ധിമുട്ടുന്ന വിവരം മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞ എം.എൽ.എ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |