
ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവ വിൽക്കുന്നത് വഴി പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികൾ കഴിഞ്ഞ നാല് വർഷമായി ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.
എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും നിലവിൽ 25 മുതൽ 28 രൂപ വരെയാണ് കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നത്. ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധന വിലയിൽ കഴിഞ്ഞ മാസം 25ശതമാനം വർദ്ധനവ് വരുത്തിയെങ്കിലും അത് യഥാർത്ഥ ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. വിദേശ വിമാനങ്ങൾക്കുള്ള ഇന്ധനവിലയിൽ അഞ്ച് ശതമാനത്തിലധികം വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്.
മാർച്ച് ഏഴിന് ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. എങ്കിലും ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴും വിതരണം നടക്കുന്നത്. മുൻപ് ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ സബ്‌സിഡി നൽകാറുണ്ടായിരുന്നെങ്കിലും ഇത്തവണ സഹായം നൽകില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു.
യുദ്ധം കാരണം വിതരണ ശൃംഖലയിൽ തടസങ്ങളുണ്ടായിട്ടും സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ഗാർഹിക ഇന്ധനവില വർദ്ധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുജാത ശർമ്മ പറഞ്ഞു. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇന്ധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്.
വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസൽ വില ലിറ്ററിന് 137 രൂപയിൽ നിന്ന് 149 രൂപയായി ഉയർന്നു. എന്നാൽ പമ്പുകളിൽ 87.62 രൂപയായി ഇത് തുടരുന്നു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ച് 3071.50 രൂപയാക്കി.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളെ ആഗോള വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് എണ്ണക്കമ്പനികൾ ഈ ഭാരം ഏറ്റെടുക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾ എത്രനാൾ ഈ നഷ്ടം സഹിച്ച് മുന്നോട്ട് പോകുമെന്നാണ് ആശങ്ക ഉയർത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |