SignIn
Kerala Kaumudi Online
Monday, 11 May 2026 9.04 PM IST

ബംഗാളിൽ ബി.ജെപി മുഖ്യനെ നാളെയറിയാം, സുവേന്ദു അധികാരിക്ക് സാദ്ധ്യത, 9ന് സത്യപ്രതിജ്ഞ

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: ചരിത്ര വിജയം നേടിയ പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കാണ് സാദ്ധ്യത. നാളെ വൈകിട്ട് 4ന് നിയമസഭാ കക്ഷി യോഗം ചേർന്ന് നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുമെന്നും 9 ന് രാവിലെ 10 മണിക്ക് കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി,20 ബി.ജെ.പി മുഖ്യമന്ത്രിമാർ,മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്നും സമിക് പറഞ്ഞു. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റ് മന്ദിരമായ നബന്നയിൽ നടന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം,നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷത വഹിക്കും. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയുമുണ്ടാകും. ഷാ ഇന്ന് കൊൽക്കത്തയിലെത്തും.

മമത നിയമിച്ച ഉദ്യോഗസ്ഥരെ

പിരിച്ചുവിട്ടു

സർവീസിൽ നിന്ന് വിരമിച്ചിട്ടും തൃണമൂൽ സർക്കാരിന്റെ ആളുകളായി വിവിധ പദവികളിൽ തുടരുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരോട് താമസ സ്ഥലം ഒഴിയാൻ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാല ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിൽ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചിട്ടുണ്ട്. ഓഫീസുകളിൽ നിന്ന് പ്രധാന ഫയലുകൾ പുറത്തു പോകരുതെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

സസ്‌പെൻഡ്

ചെയ്‌തോട്ടെ: മമത

മുഖ്യമന്ത്രി പദവി രാജിവയ്ക്കില്ലെന്നും വേണമെങ്കിൽ ഗവർണർക്ക് തന്നെ പുറത്താക്കാമെന്നും മുഖ്യമന്ത്രി മമതാ ബാനർജി. നിയമസഭ ചേരുന്ന ആദ്യ ദിവസം കറുത്ത വസ്ത്രം ധരിച്ചെത്താനും മമത എം.എൽ.എമാരോട് ആവശ്യപ്പെട്ടു. നമ്മൾ തോറ്റിരിക്കാം, പക്ഷേ പോരാടും. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും നേരിട്ട് തിരഞ്ഞെടുപ്പ് ക്രമക്കേടിൽ പങ്കാളികളായെന്നും മമത ആരോപിച്ചു.

അതിനിടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. 'ഇന്ത്യ' മുന്നണിയിലെ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360