
പെട്രോൾ, ഡീസൽവില
കൂട്ടുമെന്നും അഭ്യൂഹം
ന്യൂഡൽഹി/കൊച്ചി: സ്വർണം വാങ്ങൽ ഒരു വർഷത്തേക്ക് മാറ്റിവയ്‌ക്കണമെന്നും ഇന്ധനം ലാഭിക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നടത്തിയ ആഹ്വാനം സാമ്പത്തിക മേഖലയ്ക്ക് രക്ഷാകവചമൊരുക്കാൻ വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ. അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ അഞ്ചു രൂപയുടെ വർദ്ധന വരുത്തുമെന്ന അഭ്യൂഹവും ശക്തമായി. പശ്ചിമേഷ്യൻ സംഘർഷം കാരണം
ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ തുടരുന്ന പശ്ചാത്തലത്തിൽ
വിദേശ നാണയ ശേഖരം കുത്തനേ കുറയാതിരിക്കാനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമാണ് ആറിന ചെലവ്ചുരുക്കൽ ഞായറാഴ്ച മോദി ഹൈദരാബാദിൽ മുന്നോട്ടുവച്ചത്. ഇന്നലെ ഗുജറാത്തിലെ വഡോദരയിലും ഇതേ ആഹ്വാനം നടത്തി.
കോവിഡ് കാലത്തിന് സമാനമായി വർക്ക് ഫ്രം ഹോം, ഓൺലൈൻ യോഗങ്ങൾ, ഇന്ധന, സ്വർണാഭരണ, രാസവള ഉപഭോഗ നിയന്ത്രണം എന്നിവയിലേക്ക് ജനങ്ങൾ കടക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.
ഇന്നലെ പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിതല സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇന്ധന ക്ഷാമമുണ്ടെന്നല്ല മോദി പറഞ്ഞതെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പ് ഇറക്കി.
നിലവിൽ എണ്ണ, എൽ.പി.ജി ക്ഷാമമില്ല. 60 ദിവസത്തെ ക്രൂഡ് ഓയിലും പ്രകൃതി വാതകവും കരുതലായുണ്ട്. 45 ദിവസത്തേക്ക് എൽ.ജി.പിയും സ്റ്റോക്കുണ്ട്. ജനങ്ങൾ ശാന്തമായിരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭ്യർത്ഥിച്ചു.
പ്രതിദിനം 1000 കോടിയിൽപ്പരമാണ് എണ്ണ കമ്പനികളുടെ നഷ്‌ടമെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി.
വരുമാനം 10 ലക്ഷം കടന്നാൽ
ഗ്യാസ് സബ്സിഡി റദ്ദാകും
കുടുംബ വാർഷിക വരുമാനം 10 ലക്ഷത്തിനു മുകളിലെങ്കിൽ എൽ.പി.ജി സബ്സിഡി റദ്ദാക്കാൻ നീക്കം. എണ്ണ കമ്പനികൾ ആദായനികുതി രേഖകളുമായി ഒത്തുനോക്കുന്ന പ്രക്രിയ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് എസ്.എം.എസ് അയച്ചുതുടങ്ങി. വരുമാനം പരിധിക്കകത്താണെങ്കിൽ ഏഴു ദിവസത്തിനകം മറുപടി നൽകണം. ഇല്ലെങ്കിൽ സബ്സിഡി റദ്ദാവും.
വെരിഫിക്കേഷൻ കോഡും
നിർബന്ധം
സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് എണ്ണ കമ്പനികൾ അയക്കുന്ന വെരിഫിക്കേഷൻ കോഡ് ഡെലിവറി ഏജന്റിന് നൽകണമെന്നതും നിർബന്ധമാക്കുന്നു. കരിഞ്ചന്ത തടയുകയാണ് ലക്ഷ്യം.
ഇന്ധനത്തിൽ 4,500 കോടി
ഡോളർ ലാഭിക്കാം
ഇന്ധനം ഇറക്കുമതി കുറച്ചാൽ പ്രതിവർഷം 4,500 കോടി ഡോളറിന്റെ ലാഭം വിദേശ നാണയ ശേഖരത്തിലുണ്ടാകും.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളർ. പ്രതിദിനം 1,700 കോടി രൂപയുടെ വിൽപ്പന നഷ്‌ടമാണ് എണ്ണകമ്പനികൾ നേരിടുന്നത്. വർക്ക് ഫ്രം ഹോമും ഓൺലൈൻ യോഗങ്ങളും ഇന്ധന ഉപഭോഗം കുറയ്ക്കും.
സ്വർണം കുറച്ചാലും ലാഭം
സ്വർണം, ക്രൂഡ്, ഭക്ഷ്യ എണ്ണ എന്നിവയുടെ ഉപഭോഗം പത്ത് ശതമാനം കുറച്ചാൽ മൊത്തം ഇറക്കുമതി ബില്ലിൽ 2,265 കോടി ഡോളറിന്റെ ലാഭമുണ്ടാകും. കഴിഞ്ഞ വർഷം 7,200 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറച്ചാൽ 195 കോടി ഡോളർ മിച്ചം പിടിക്കാം. രാസവള ഉപഭോഗം 50 ശതമാനം നിയന്ത്രിച്ചാൽ 730 കോടി ഡോളർ കുറഞ്ഞുകിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |