
ന്യൂഡൽഹി: കീഴ്‌ക്കോടതി ജഡ്‌ജിയെ കണക്കിന് ശകാരിച്ചു കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് വിമർശനത്തോടെ സുപ്രീംകോടതി റദ്ദാക്കി. ജുഡിഷ്യൽ അക്കാഡമിയിൽ പരിശീലനത്തിന് പോകണമെന്ന നിർദ്ദേശവും റദ്ദാക്കി.
അപ്പീൽ കോടതികൾ അധികാരസ്ഥാനത്തിരിക്കുന്നതിന്റെ ഹുങ്ക് കാണിക്കുകയല്ല ചെയ്യേണ്ടത്. പകരം യുക്തിസഹമായ വിധികൾ മുഖേന കീഴ്‌ക്കോടതി നയിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിൽപത്രം നടപ്പാക്കലുമായി ബന്ധപ്പെട്ട സിവിൽ കേസിൽ വിധി പറഞ്ഞ തൃശൂർ പ്രിൻസിപ്പൽ സബ് ജഡ്‌ജിക്കാണ് പരമോന്നത കോടതിയുടെ നിലപാട് ആശ്വാസമായത്. വിൽപത്രം അതേമട്ടിൽ അംഗീകരിക്കാതെ, സ്വത്തുക്കൾ ഭാഗംവയ്‌ക്കാൻ കീഴ്‌ക്കോടതി ജഡ്‌ജി ഉത്തരവിട്ടിരുന്നു. ഈ നടപടി റദ്ദാക്കി കൊണ്ടുള്ള വിധിയിൽ, കേസ് മനസിലാക്കാൻ സബ് ജഡ്‌ജി പരാജയപ്പെട്ടെന്ന് ഹൈക്കോടതി എഴുതി. ജുഡിഷ്യൽ സംവിധാനത്തിലെ പോരായ്‌മകളുടെ ഉദാഹരണമാണ് തുടങ്ങിയ കുറ്റപ്പെടുത്തലുമുണ്ടായി. സുപ്രീംകോടതി ഈ നിലപാട് അംഗീകരിച്ചില്ല.
വഴികാട്ടിയാകണം
ഹൈക്കോടതിക്ക് തെറ്റു പറ്റിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടു. അപ്പീൽ കോടതികൾ സുഹൃത്ത്, തത്വചിന്തകൻ, വഴികാട്ടി എന്നീ നിലകളിലാണ് പ്രവർത്തിക്കേണ്ടത്. ഹൈക്കോടതി വിധിയിൽ തെളിവുകൾ കൃത്യമായി വിലയിരുത്തിയില്ല. എന്താണ് കീഴ്‌ക്കോടതി ചെയ്‌ത തെറ്റെന്ന് പറഞ്ഞിട്ടില്ല. ജുഡിഷ്യൽ ഓഫീസർമാരുടെ പ്രൊഫഷണൽ മികവിനെ ബാധിക്കുന്ന തരത്തിൽ പരാമർശങ്ങൾ പാടില്ലായിരുന്നു. അതു ജുഡിഷ്യൽ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തും. ജുഡിഷ്യൽ ഓഫീസർമാർ ഉൾപ്പെട്ട വിഷയങ്ങളിൽ പുലർത്തേണ്ട മര്യാദകൾ പാലിച്ചില്ല. അപ്പീലുകളിൽ ഹൈക്കോടതി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |