
ന്യൂഡൽഹി: ഓൺലൈനിൽ ഓർഡർ ചെയ്യുന്നവ വീടുകളിലെത്തിച്ചു തരുന്ന ഡെലിവറി ജീവനക്കാർ അടക്കമുള്ള അസംഘടിത തൊഴിലാളികളെ പി.എഫിന്റെ പരിധിയിൽ കൊണ്ടുവന്നേക്കും.
നിലവിലെ പി.എഫ് വ്യവസ്ഥയിൽ തൊഴിലാളിയും തൊഴിലുടമയും നിശ്ചിത വിഹിതം മാസം തോറും അടയ്ക്കണം.എന്നാൽ ഇവിടെ സ്വന്തം വരുമാനത്തിൽ നിന്നു വേണം പണം അടയ്‌ക്കാൻ.
കാബ് ഡ്രൈവർമാർ,അസംഘടിത മേഖലയിലെ തൊഴിലാളികൾ,സ്വയംതൊഴിൽ ചെയ്യുന്നവർ,ഫ്രീലാൻസർമാർ,ചെറുകിട കച്ചവടക്കാർ എന്നിവരും ഇതിൽ ഉൾപ്പെടും. തൊഴിലെടുക്കുന്ന എല്ലാവർക്കും പി.എഫ് എന്നതാണ് ലക്ഷ്യം.
ഇതിനായുള്ള സമഗ്ര ചട്ടഭേദഗതിക്കൊരുങ്ങുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒഫ് ഇന്ത്യയെന്ന് (ഇ.പി.എഫ്.ഒ) സൂചന. സാമ്പത്തിക സുരക്ഷയോടെ വിരമിക്കലും വാർദ്ധക്യകാലവും ഉറപ്പാക്കാനാണിത്. വിരമിക്കൽ സമയത്ത് പണം പിൻവലിക്കാനുള്ള അവസരം ഇവർക്കുമുണ്ടാകും. തുക ഒന്നിച്ചു പിൻവലിക്കാൻ താൽപര്യമില്ലെങ്കിൽ മാസാമാസം നിശ്ചിത തുക പിൻവലിക്കാൻ സൗകര്യമൊരുക്കും. സിംഗപ്പൂർ സർക്കാർ നടപ്പാക്കി ലോകശ്രദ്ധയാകർഷിച്ച സെൻട്രൽ പ്രോവിഡന്റ് ഫണ്ട് മാതൃകയിലാണ് ഭേദഗതിയെന്ന് സൂചനയുണ്ട്. ഇരുപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനത്തിൽ മാസശമ്പളത്തോടു കൂടി ജോലി ചെയ്യുന്നവർക്കാണ് നിലവിൽ പി.എഫ് സൗകര്യമുളളത്.
മാസത്തവണയിൽ
നിബന്ധനയില്ല
പി.എഫ് അക്കൗണ്ടിൽ മാസംതോറും നിശ്ചിത തുക നിക്ഷേപിക്കണമെന്ന നിബന്ധനയുണ്ടാകില്ല. വരുമാനമനുസരിച്ച് കൈയിലുള്ള പണം നിക്ഷേപിച്ചാൽ മതിയാകും. സാധാരണ ജീവനക്കാർക്ക് ലഭിക്കുന്നതു പോലെയുള്ള പലിശനിരക്ക് ഇവിടെയും ലഭിക്കും. രണ്ടരലക്ഷം വരെയുള്ള പി.എഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവ് നൽകാനും ആലോചനയുണ്ട്. സ്വയം ഫണ്ടിങ് രീതിയിലായിരിക്കും പി.എഫ് അക്കൗണ്ട്.
യുവജനങ്ങൾക്ക് ആശ്വാസമാകും
യുവജനങ്ങൾക്ക് അടക്കം ഏറെ ആശ്വാസമാകുന്ന ഭേദഗതിക്കാണ് ഇ.പി.എഫ്.ഒ ഒരുങ്ങുന്നത്. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടനവധി മലയാളികൾ സ്വയംതൊഴിൽ,അസംഘടിത,ഓൺലൈൻ ഡെലിവറി,ടാക്‌സി മേഖലകളിൽ പണിയെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |