
മുംബയ്: ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായ സംഭവം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തണ്ണിമത്തനിലൂടെ ഉള്ളില്‍ച്ചെന്ന എലിവിഷമാണ് മരണത്തിന് കാരണം. മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിദ്ധ്യം അടങ്ങിയിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ മാസം 25ന് ആണ് സംഭവം നടന്നത്. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് കുടുംബത്തിലെ നാല് പേരും തണ്ണിമത്തന്‍ കഴിച്ചത്. പുലര്‍ച്ചയോടെ അസ്വസ്ഥതയും ഛര്‍ദ്ദിയും വയറ്റിളക്കവും അനുഭവപ്പെടുകയായിരുന്നു. ഡോക്ടറെ കാണുകയും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 13കാരിയായ ഇളയമകളാണ് ആദ്യം മരിച്ചത്. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവയുള്‍പ്പെടെയുള്ള ചില ആന്തരികാവയവങ്ങള്‍ പച്ചനിറമായി മാറിയിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ വഴിത്തിരിവായത്. ഇവര്‍ കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്ഫൈറ്റ് കണ്ടെത്തിയിരുന്നു.
സംഭവം നടന്ന ദിവസം കുടുംബം ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ക്കായി ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു.
ബന്ധുക്കള്‍ മടങ്ങിയതിന് ശേഷമാണ് കുടുംബം തണ്ണിമത്തന്‍ കഴിച്ചത്. ഭക്ഷണം കഴിച്ച അതിഥികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍, ഈ രാസവസ്തു അബദ്ധത്തില്‍ പഴത്തില്‍ കലര്‍ന്നതാണോ അതോ ആരെങ്കിലും മനപൂര്‍വ്വം കലര്‍ത്തിയതാണോ എന്ന് അന്വേഷിച്ചുവരികയാണ് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |