SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.47 PM IST

മമതയും സുവേന്ദുവും നേർക്കുനേർ; ബംഗാളിൽ രണ്ടാം ഘട്ടം ആരംഭിച്ചു, 142 മണ്ഡലങ്ങളിൽ പോളിംഗ്

READ ENGLISH VERSION
west-bengal

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംഘർഷ സാദ്ധ്യതയുടെ പ്രദേശങ്ങളെ കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊൽക്കത്ത, ഹൗറ, നോർത്ത്, സൗത്ത് 24 പർഗാനാസ്, നാദിയ, ഹൂഗ്ലി, പുർബ ബർധമാൻ എന്നിവയുൾപ്പെടെ ദക്ഷിണ ബംഗാളിലെ പ്രധാന ജില്ലകളിൽ രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.

ഈ ജില്ലകൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് രണ്ടാം ഘട്ടം ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഈ 142 സീറ്റുകളിൽ 123 എണ്ണം തൃണമൂൽ കോൺഗ്രസാണ് സ്വന്തമാക്കിയത്. ബിജെപി 18 എണ്ണം നേടി, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) ഒരെണ്ണവും സ്വന്തമാക്കി.

റിപ്പോർട്ടുകൾ പ്രകാരം, രാവിലെ 6:30 ഓടെ തന്നെ നിരവധി നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് നീണ്ട നിരകൾ രൂപപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് കനത്ത ചൂട് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചതിനാൽ, നിരവധി വോട്ടർമാർ പ്രത്യേകിച്ച് സ്ത്രീകളും ആദ്യമായി വോട്ട് ചെയ്യുന്നവരും വോട്ട് ചെയ്യാൻ നേരത്തെ തന്നെ എത്തുകയായിരുന്നു.

മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ശക്തികേന്ദ്രമായ ഭബാനിപൂർ ഈ ഘട്ടത്തിലെ പ്രധാനപ്പെട്ട മണ്ഡലമാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്‌ക്കെതിരെ മത്സരിക്കുന്നത്. 2021ലെ നന്ദിഗ്രാമിലെ വിജയം ആവർത്തിക്കാനാണ് സുവേന്ദു അധികാരി ശ്രമിക്കുന്നത്. കൊൽക്കത്ത പോർട്ട്, ഭട്പാര, ജഗത്ദാൽ, ബരാക്പൂർ, ബംഗാവ്, ഡം ഡം, സന്ദേശ്ഖാലി, റാണാഘട്ട് ഉത്തർ, ദക്ഷിണ്, റാഷ്‌ബെഹാരി, ജാദവ്പൂർ, ബാലിഗൻഗെ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് പ്രധാന മണ്ഡലങ്ങൾ.

സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ഏഴ് ജില്ലകളിലായി 2,321 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ മാത്രം 273 കമ്പനികൾ വിന്യസിച്ചിട്ടുണ്ട്. 41,001 പോളിംഗ് സ്റ്റേഷനുകളും വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിലാണ്. 1.57 കോടി സ്ത്രീകളും 792 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ ആകെ 3.21 കോടി വോട്ടർമാർ ഈ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.

സമാധാനപരവും നീതിയുക്തവുമായ വോട്ടെടുപ്പിന് ഒരുക്കം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇന്നലെ ഹൗറയിൽ സശസ്ത്ര ശീമ ബൽ (എസ്.എസ്.ബി) ഡയറക്ടർ ജനറൽ സഞ്ജയ് സിംഘാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻ.ഐ.എയുടെ സംഘങ്ങളും ബംഗാളിൽ പലയിടത്തായി ക്യാമ്പ് ചെയ്യുന്നു.

വനിതാ സംവരണത്തിലും നിയമവിരുദ്ധ കുടിയേറ്റത്തിലും സ്ത്രീ സുരക്ഷയിലുമടക്കം സ്വീകരിച്ച നിലപാട് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുക്കൂട്ടൽ. ആദ്യഘട്ടത്തിൽ 93.2 എന്ന റെക്കാഡ് വോട്ടുശതമാനം രേഖപ്പെടുത്തിയത് അനുകൂലമാണെന്നാണ് ബി.ജെ.പിയും തൃണമൂലും ഒരുപോലെ അവകാശപ്പെടുന്നത്. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും സി.പി.എമ്മിനായി ജനറൽ സെക്രട്ടറി എം.എ.ബേബിയും പ്രചാരണത്തിനെത്തിയിരുന്നു. മേയ് നാലിനാണ് ബംഗാൾ, അസാം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെണ്ണൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, WEST BENGAL, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360