SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.43 AM IST

കിരീടാവർത്തനം

ipl

ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ഒരിക്കൽക്കൂടി റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ കിരീടധാരണം. ആദ്യ കിരീടം ചൂടാൻ 18-ാം സീസൺ വരെ കാത്തിരിക്കേണ്ടിവന്ന ആർ.സി.ബിയുടെ അടുത്ത കിരീടം ആകസ്മികമായി വന്നതല്ല. ചാമ്പ്യന്മാർക്ക് ഉചിതമായ രീതിയിലെ പ്രകടനവുമായി കളം നിറഞ്ഞ് കളിച്ച് നേടിയതാണ്. ഫൈനലിൽ അഞ്ചുവിക്കറ്റിനാണ് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റാൻസിനെ മറികടന്നത്. കഴിഞ്ഞസീസണിലെ കിരീടനേട്ടത്തിന്റെ ആഘോഷം അത്യാഹിതത്തിലേക്ക് വഴുതിമാറിയപ്പോൾ ജീവൻ നഷ്ടമായവർക്കാണ് ഈ കിരീടം സമർപ്പിച്ചിരിക്കുന്നത്.

ആർ.സി.ബി ആധിപത്യം

തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യമുറപ്പിച്ച പ്രകടനമാണ് ഈ സീസണിലും ആർ.സി.ബി കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ ആറുവിക്കറ്റിന് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് തുടങ്ങിയ പടയോട്ടം.പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങൾ. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം. ഒന്നാം ക്വാളിഫയറിൽ ഇതേ ഗുജറാത്ത് ടൈറ്റാൻസിനെതിരെ ഇതിലും മനോഹരവിജയം.തികച്ചും ആധികാരികമായിരുന്നു ആർ.സി.ബിയുടെ രണ്ടാം പട്ടാഭിഷേകം. പ്രാഥമിക റൗണ്ടിലുൾപ്പടെ നാലുമത്സരങ്ങളിലാണ് ആർ.സി.ബി ഇത്തവണ ഗുജറാത്തിനെ നേരിട്ടത്. അതിൽ മൂന്നെണ്ണത്തിലും ജയിച്ചു. ഫൈനൽ നടന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ വച്ച് പ്രാഥമിക റൗണ്ടിലെ എവേ മാച്ചിലായിരുന്നു ആർ.സി.ബിയുടെ ഗുജറാത്തിനെതിരായ ഏക തോൽവി. പ്രാഥമിക റൗണ്ടിൽ സൺറൈസേഴ്സ്,രാജസ്ഥാൻ, ഡൽഹി,ലക്നൗ എന്നിവർക്കെതിരെയും ഓരോ തോൽവി വഴങ്ങി.

വിരാടിന്റെ വാടാത്ത വീര്യം

38-ാം വയസിലേക്ക് നീങ്ങുമ്പോഴും വീര്യം വിടാത്ത പോരാളിയായ വിരാട് കൊഹ്‌ലിയാണ് ആർ.സി.ബിയുടെ ബാറ്റിംഗിലെ ആണിക്കല്ലായത്. ഫൈനലിൽ പുറത്താകാതെ 42 പന്തുകളിൽ നേടിയ 75 റൺസുൾപ്പടെ എണ്ണം പറഞ്ഞ അഞ്ച് അർദ്ധ സെഞ്ച്വറികൾ. ഒരു സെഞ്ച്വറി. ആകെ 16 ഇന്നിംഗ്സുകളിൽ 675 റൺസുമായി റൺവേട്ടക്കാരിൽ നാലാമൻ. 73 ഫോറുകളും 25 സിക്സുകളും ആ ബാറ്റിൽനിന്ന് പറന്നു. ഇടയ്ക്ക് രണ്ട് മത്സരങ്ങളിൽ ഡക്കായെങ്കിലും അതിശക്തമായി തിരിച്ചുവന്നു. 15 മത്സരങ്ങളിൽ 501 റൺസുമായി നായകൻ രജത് പാട്ടീദാറും 464 റൺസുമായി മറുനാടൻ മലയാളി ദേവ്ദത്ത് പടിക്കലും 305 റൺസുമായി ടിം ഡേവിഡും വിരാടിന് പിന്തുണ പകർന്നു.

കുന്തമുനയായി ഭുവി

ബൗളിംഗിൽ ആർ.സി.ബിയുടെ കുന്തമുനയായത് 36കാരനായ മുൻ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറാണ്. 16 മത്സരങ്ങളിൽ 28 വിക്കറ്റുകൾ സ്വന്തമാക്കിയ ഭുവി പർപ്പിൾ ക്യാപ്പ് മത്സരത്തിൽ ഒരു വിക്കറ്റ് അധികം നേടിയ ഗുജറാത്തിന്റെ കാഗിസോ റബാദയ്ക്ക് മാത്രം പിന്നിലാണ്. 19 വിക്കറ്റുകളുമായി റാസിഖ് സലാം, 15 വിക്കറ്റുകളുമായി ജോഷ് ഹേസൽവുഡ്, 14 വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ എന്നിവരും ഭുവിക്ക് പിന്തുണയേകി. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീൽഡിംഗിലും ആൻഡി ഫ്ളവർ പരിശീലിപ്പിക്കുന്ന ആർ.സി.ബി അച്ചടക്കമുള്ള പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞവർഷവും ചാമ്പ്യൻസ്

പി.എസ്.ജിയും ആർ.സി.ബിയും

കഴിഞ്ഞദിവസങ്ങളിലായി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലും ഐ.പി.എൽ ഫൈനലിലും കിരീടം നേടിയത് കഴിഞ്ഞവർഷം ചാമ്പ്യന്മാരായവർ. ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ഫുട്ബാൾ ക്ളബ് പാരീസ് എസ്.ജിയും ഐ.പി.എല്ലിൽ ആർ.സി.ബിയും. ഇംഗ്ലീഷ് ക്ളബ് ആഴ്സനലിന്റെ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സ്വപ്നങ്ങൾ തല്ലിക്കൊഴിച്ചാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ പി.എസ്.ജി കിരീടമുയർത്തിയത്. പി.എസ്.ജിയും ആർ.സി.ബിയും വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ വർഷം ഈ ലീഗുകളിൽ ആദ്യമായി ചാമ്പ്യന്മാരായത്. അതൊരു തുടക്കം മാത്രമായിരുന്നെന്നും ഇനിയുമേറെ കാലം തങ്ങളുടെ സിംഹാസനങ്ങൾ വിട്ടുകൊടുക്കാൻ ഇരു ടീമുകളും ഒരുക്കമല്ലെന്നും ഈ കിരീടാവർത്തനങ്ങൾ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360