
മെക്സിക്കോ സിറ്റി : ലോകകപ്പിൽ ഇന്നലെ പകരക്കാരുടെ വരവ് കയ്യടിനേടിയ ദിവസമായിരുന്നു. ബ്രസീലിന് നെയ്മറായിരുന്നെങ്കിൽ മെക്സിക്കോയ്ക്ക് വിഖ്യാത ഗോളി ഗ്വില്ലർമോ ഒച്ചോവയായിരുന്നു കയ്യടി നേടിയ ആ പകരക്കാരൻ.
ചെക് റിപ്പ്ളബിക്കിനെതിരായ മത്സരത്തിന്റെ 78-ാം മിനിട്ടിലാണ് റൗൾ റാംഗലിന് പകരക്കാരനായിറങ്ങി ഒച്ചോവയെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും 40 വയസുള്ള ഒച്ചോവയെ മെക്സിക്കോ കളിപ്പിച്ചിരുന്നില്ല.
ലോകകപ്പ് വരുമ്പോൾ , മെക്സിക്കോയെക്കുറിച്ചുള്ള ചർച്ചകളെല്ലാം എത്തിനിൽക്കുന്നത് ഗ്വില്ലർമോ ഒച്ചോവയെന്ന ഗോളിയെ ചുറ്റിപ്പറ്റിയാണ്. അതിന് കാരണം ഒന്നേയുള്ളൂ, 2014ലെ ബ്രസീൽ ലോകകപ്പിലെ അദ്ദേഹത്തിന്റെ വിസ്മയ സേവുകൾ. ആ ലോകകപ്പിൽ മെക്സിക്കോ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഒച്ചോവയുടെ സേവുകൾ ടൂർണമെന്റ് കഴിഞ്ഞും ചർച്ചകളിൽ നിറഞ്ഞു. യൂറോപ്പിലെ വമ്പൻ ക്ളബുകളിലൊന്നും കളിച്ചിട്ടില്ലാത്ത ഒച്ചോവ ലോകകപ്പ് സ്പെഷ്യലിസ്റ്റാണ്. 2018ലും 2022ലും ഇദ്ദേഹമാണ് മെക്സിക്കോയുടെ വലകാത്തത്.
ഒച്ചോവ ഇത് ആറാമത്തെ ലോകകപ്പിനാണ് ടീമിൽ ഉൾപ്പെടുന്നത്. എന്നാൽ മൂന്ന് ലോകകപ്പുകളിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്.2006ലും 2010ലും ഒറ്റമത്സരത്തിൽപ്പോലും കളിക്കാൻ കഴിയാതെ ബെഞ്ചിലിരിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ 154 മത്സരങ്ങളിൽ മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ വലകാത്തിട്ടുണ്ട് ഒച്ചോവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |