
അറ്റ്ലാന്റ : ഈ ലോകകപ്പിലെ ആവേശം നിറഞ്ഞ രണ്ടാം റൗണ്ട് മത്സരത്തിൽ ആഫ്രിക്കൻ ശക്തികളെ നേരിടാൻ യൂറോപ്യൻ കരുത്തരായ ഇംഗ്ളണ്ടും ബെൽജിയവും ഇറങ്ങുന്നു. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഇംഗ്ളണ്ടിന് എതിരാളികളാവുന്നത് ആദ്യമായി ലോകകപ്പ് നോക്കൗട്ട് കാണുന്ന കോംഗോയാണ്. ബെൽജിയത്തിന് സെനഗലും.
ഇത്തവണ ഗ്രൂപ്പ് റൗണ്ടിൽ ക്രൊയേഷ്യയേയും പാനമയേയും തോൽപ്പിച്ചിരുന്ന ഇംഗ്ളണ്ടിന് ജയിക്കാൻ കഴിയാതെപോയത് മറ്റൊരു ആഫ്രിക്കൻ ശക്തികളായ ഘാനയോടാണ്. ഗോൾരഹിതസമനിലയാണ് ഇവരുമായി ഇംഗ്ളണ്ട് വഴങ്ങിയത്. തുടർന്ന് പാനമയെ കീഴടക്കിയാണ് ഇംഗ്ളണ്ട് ഗ്രൂപ്പിൽ ഒന്നാമതായത്. ക്യാപ്ടൻ ഹാരി കേൻ, ബുക്കായോ സാക്ക, ജൂഡ് ബെല്ലിംഹാം തുടങ്ങിയ താരനിരയുമായാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. ആദ്യമത്സരത്തിൽതന്നെ പോർച്ചുഗലിനെ സമനിലയിൽ പിടിച്ച് വീര്യംകാട്ടിയ കോംഗോ തുടർന്ന് കൊളംബിയയോട് തോറ്റത് ഒറ്റ ഗോളിനാണ്. അവസാന മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 3-1ന് മറികടന്ന് ആദ്യ ലോകകപ്പ് വിജയവും സ്വന്തമാക്കി.
ഗ്രൂപ്പ് റൗണ്ടിൽ ഈജിപ്തിനോടും ഇറാനോടും സമനിലയിൽ പിരിഞ്ഞ ബെൽജിയം അവസാനമത്സരത്തിൽ ന്യൂസിലാൻഡിനെ 5-1ന് തോൽപ്പിച്ചാണ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്. കിവീസിനെതിരായ കളിയോടെ വെറ്ററൻതാരങ്ങളായ കെവിൻ ഡി ബ്രുയാനും റൊമേലു ലുക്കാക്കുവും ഫോമിലേക്ക് ഉയർന്നിട്ടുണ്ട്.ഫ്രാൻസിനോടും നോർവേയോടും തോറ്റ സെനഗൽ ഇറാഖിനെതിരായ 5-0ത്തിന്റെ ജയത്തോടെയാണ് നോക്കൗട്ടിലെത്തിയത്.
ഇന്ന് രാവിലെ നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ഇക്വഡോറിനെ നേരിടും.നാളെ വെളുപ്പിന് നടക്കുന്ന മത്സരത്തിൽ മറ്റൊരു ആതിഥേയരായ അമേരിക്ക ബോസ്നിയയെ നേരിടും.
കാണേണ്ട കളികൾ
മെക്സിക്കോ Vs ഇക്വഡോർ
രാവിലെ 6.30 മുതൽ
ഇംഗ്ളണ്ട് Vs കോംഗോ
രാത്രി 9.30 മുതൽ
ബെൽജിയം Vs സെനഗൽ
രാത്രി 1.30 മുതൽ
യു.എസ്.എ Vs ബോസ്നിയ
വെളുപ്പിന് 5.30 മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |