SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.12 AM IST

ഓറഞ്ചിന്റെ ചാറെടുത്ത് മൊറോക്കോ

world-cup

പെനാൽറ്റി ഷൂട്ടൗട്ടിൽ ഡച്ച് മോഹങ്ങൾ തകർത്ത് മൊറോക്കോ

മോണ്ടെറെറി : കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലേയും ജേതാക്കളെ കൃത്യമായി പ്രവചിച്ച ജർമ്മനിയിലെ ഗണിതശാസ്ത്രജ്ഞൻ യൊവാക്വിം ക്ളമന്റ് ഇക്കുറി ഹോളണ്ടും പോർച്ചുഗലും തമ്മിൽ ഫൈനൽ കളിക്കുമെന്നും ഹോളണ്ട് കപ്പുയർത്തുമെന്നുമാണ് പ്രവചിച്ചത്. ഏതായാലും കണക്ക്മാഷിന്റെ കണക്ക് മൊറോക്കോ രണ്ടാം റൗണ്ടിൽതന്നെ തെറ്റിച്ചുകളഞ്ഞു. അതും പെനാൽറ്റി ഷൂട്ടൗട്ടിൽ.

ഹോളണ്ടിന്റെ ലോകകപ്പ് ചരിത്രത്തിൽതന്നെ ഏറ്റവും പെട്ടെന്നുള്ള പുറത്താകലായിരുന്നു ഇക്കുറി. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ജപ്പാനോട് 2-2ന് സമനിലയിൽ പിരിഞ്ഞ ഡച്ചുകാർ പിന്നീട് സ്വീഡനെ 5-1നും ടുണീഷ്യയെ 3-1നും തോൽപ്പിച്ച് ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും കഴിഞ്ഞലോകകപ്പിലെ നാലാം സ്ഥാനക്കാരായ മൊറോക്കോയ്ക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിയിലും 72-ാം മിനിട്ടിൽ സ്കോർ ചെയ്ത രണ്ടാം പകുതിയിലും മുന്നിട്ടുനിന്നത് ഡച്ചുകാരായിരുന്നെങ്കിലും ആഫ്രിക്കൻ കരുത്തും യൂറോപ്യൻ കേളീ ശൈലിയും സമന്വയിപ്പിച്ച മൊറോക്കോയ്ക്ക് നിശ്ചിത സമയം തീരുന്നതിന് മുമ്പ് തിരിച്ചടിക്കാനും ഷൂട്ടൗട്ടിലേക്ക് കളി നീട്ടാനും കഴിഞ്ഞതാണ് നിർണായകമായത്. ക്രെസെൻഷ്യോ സമ്മർവില്ലെ ഒരുക്കി നൽകിയ ഒരുഗ്രൻ പാസിലൂടെ കോഡി ഗാപ്കോയാണ് ഹോളണ്ടിനായി ഗോളടിച്ചത്. ഈ ഗോളിന് ഹോളണ്ട് ജയിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ ഇസ ദിയോപ്പിന്റെ ഹെഡറിലൂടെ മൊറോക്കോക്കാർ സമനില പിടിക്കുന്നത്. തുടർന്നുള്ള അധികസമയത്ത് ഇരുടീമുകളും അധികം ആക്രമണങ്ങൾക്ക് മുതിർന്നില്ല.

പ്രീ ക്വാർട്ടറിൽ എതിരാളി കാനഡ

പ്രീ ക്വാർട്ടറിൽ മൊറോക്കോയ്ക്ക് എതിരാളികളാവുന്നത് കാനഡയാണ്. കഴിഞ്ഞദിവസം നടന്ന രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് സഹആതിഥേയരായ കാനഡ ആദ്യമായി നോക്കൗട്ടിലെത്തിയത്.

4

ഇത് നാലാം തവണയാണ് ഹോളണ്ട് ലോകകപ്പിൽ ഷൂട്ടൗട്ടിൽ പൊലിയുന്നത്.ഇത്രയുമധികം ഷൂട്ടൗട്ടുകളിൽ തോറ്റ മറ്റൊരു ടീമേയുളളൂ; സ്പെയ്ൻ. പക്ഷേ ഇരുവരും തമ്മിൽ ഒരു വ്യത്യാസമുണ്ട്. സ്പെയ്ൻ ഒരു തവണയെങ്കിലും ലോകകപ്പ് നേടിയിട്ടുണ്ട്. ഹോളണ്ടിന് ലോകകപ്പില്ല.

കളിച്ച അഞ്ച് ലോകകപ്പ് ഷൂട്ടൗട്ടുകളിൽ ഡച്ചുകാർക്ക് ജയിക്കാനായത് ഒറ്റത്തവണ മാത്രം.2014ൽ കോസ്റ്റാറിക്കയ്ക്ക് എതിരെ ക്വാർട്ടറിലായിരുന്നു ജയം. എന്നാൽ ആവർഷം സെമിയിൽ അർജന്റീനയോട് ഷൂട്ടൗട്ടിൽ തോൽക്കേണ്ടിവന്നു. 2022ൽ അർജന്റീന ഷൂട്ടൗട്ടിൽ വീഴ്ത്തിയത് ക്വാർട്ടറിലാണ്.1998 ലോകകപ്പിന്റെ സെമിയിൽ ബ്രസീലിനോടും തോറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360