SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

യുദ്ധമല്ലേ, യുദ്ധം !

world-cup

ലോകകപ്പിൽ ഇംഗ്ളണ്ടും അർജന്റീനയും തമ്മിലുള്ള സെമിഫൈനൽ ഇന്ന്

ഇംഗ്ളണ്ടിനെതിരെ ആദ്യമായി മെസി കളിക്കാൻ ഇറങ്ങുന്നു

അറ്റ്‌ലാന്റ : ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും പോലെയാണ് അർജന്റീനയും ഇംഗ്ളണ്ടും. ലോകകപ്പിൽ കളിക്കാൻ ഇറങ്ങിയപ്പോഴൊക്കെ അടിയും വഴക്കും തർക്കവും. ഒപ്പം ഇനിയും മുറിവുണങ്ങാത്തൊരു യുദ്ധത്തിന്റെ പകയും. അറ്റ്‌ലാന്റയിൽ ഈ രാവിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഇരുടീമുകളും ഇറങ്ങുമ്പോൾ ലോകം മുഴുവൻ കണ്ണിമ വെട്ടാതെ കാത്തിരിക്കുന്നതും ഈ പശ്ചാത്തലം കൊണ്ടുതന്നെ.

ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും എല്ലാ മത്സരങ്ങളിലും ജയിച്ചാണ് ഇരുടീമുകളും സെമിഫൈനൽ വരെ എത്തിയിരിക്കുന്നത്. എന്നാൽ അർജന്റീന താരതമ്യേന ദുർബലരായ എതിരാളികളോട് ഗ്രൂപ്പ് റൗണ്ടിൽ ആധിപത്യം പുലർത്തുകയും നോക്കൗട്ടിൽ വെള്ളം കുടിക്കുകയും ചെയ്തെങ്കിൽ ആദ്യ മത്സരം തൊട്ട് ഇതുവരെ എതിരാളികളുടെ വലിപ്പം നോക്കാതെ മികച്ച മാർജിനിൽ വിജയം നേടിയ ടീമാണ് ഇംഗ്ളണ്ട്. കഴിഞ്ഞ ലോകകപ്പ് നേടിക്കൊടുത്ത കോച്ച് ലയണൽ സ്കലോണിയാണ് ഇക്കുറിയും അർജന്റീനയെ അണിയിച്ചൊരുക്കുന്നതെങ്കിൽ ഇംഗ്ളണ്ടിന് ഒപ്പമുള്ളത് തോമസ് ടുഹേലെന്ന ക്ളബ് ഫുട്ബാളിലെ പരിണിതപ്രജ്ഞനായ പരിശീലകനാണ്.

ശക്തിയും ദൗർബല്യവും

അർജന്റീന

1.ഇക്കാലത്തെ ഏറ്റവും മികച്ച ഫുട്ബാളർ ലയണൽ മെസിയാണ് അർജന്റീനയുടെ ഏറ്റവും വലിയ ശക്തി. മെസിക്കായി ഒരുമിച്ച് നിൽക്കുന്ന സംഘാംഗങ്ങൾ.കഴിഞ്ഞ മത്സരങ്ങളിൽ അവസാനസമയങ്ങളിൽ തിരിച്ചുവരവിന് അർജന്റീനയ്ക്ക് കഴിഞ്ഞത് മെസി കളത്തിലുണ്ടായിരുന്നതുകൊണ്ടാണ്.

2. എതിർമുന്നേറ്റങ്ങൾ തടുക്കുന്നതിലും സ്വന്തം താരങ്ങൾക്ക് പന്ത് റിക്കവറി നടത്തി നൽകുന്നതിലും പരേഡേസ് പുലർത്തുന്ന മികവാണ് അർജന്റീനയ്ക്ക് കരുത്തുപകരുക. പ്രതിരോധത്തിൽ മൊളിന,റൊമേറോ, തഗ്ളിയാഫിക്കോ,ലിസാൻഡ്രോ മാർട്ടിനെസ് തുടങ്ങിയവരുമുണ്ട്.

3. ഗോളടിക്കാൻ മെസിമാത്രമെന്നത് മാറി കഴിഞ്ഞമത്സരത്തിൽ മക് അലിസ്റ്റർ,യൂലിയൻ അൽവേരസ്, ലൗതാരോ മാർട്ടിനസ് എന്നിവർ സ്കോർ ചെയ്തത് അർജന്റീനയ്ക്ക് ആവേശം പകരുന്നുണ്ട്. മുന്നേറ്റത്തിലും മെസിയെ മാത്രം ഫോക്കസ് ചെയ്യുന്നതിൽ മാറ്റമുണ്ട്. ക്വാർട്ടറിൽ മെസി അൽപ്പം പിന്നോട്ടിറങ്ങിയാണ് കളിച്ചത്.

4.കരുത്തുറ്റ എതിരാളികളെ ഇതുവരെ അർജന്റീനയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. എന്നാൽ നോക്കൗട്ടിൽ ദുർബലരോടുപോലും വെള്ളം കുടിക്കേണ്ടിവന്നു. ആ മത്സരങ്ങളിൽ ടീമിന്റെ പാളിച്ചകൾ വ്യക്തമായിരുന്നു. അപ്രതീക്ഷിത ഘട്ടങ്ങളിൽ ഗോൾ വഴങ്ങുന്നത് പതിവാക്കിയിട്ടുണ്ട്.

ഇംഗ്ളണ്ട്

1. മുന്നേറ്റത്തിൽ നായകൻ ഹാരി കേനും ജൂഡ് ബെല്ലിംഗ്ഹാമും മികച്ച ഫോമിലാണെന്നതാണ് ഇംഗ്ളണ്ടിന്റെ ഏറ്റവും വലിയ കരുത്ത്. ഇംഗ്ളണ്ട് ആറുമത്സരങ്ങളിൽ നിന്ന് ആകെ നേടിയത് 13 ഗോളുകൾ. ഇതിൽ 12 എണ്ണവും ഹാരി-ജൂഡ് സഖ്യത്തിന്റെ വക. ഒന്ന് നേടിയത് മാർക്കസ് റാഷ്ഫോർഡ്.

2. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായുള്ള സപ്ളൈ ചെയിനാണ് ഹാരി കേനിനും ജൂഡിനും കുതിച്ചുകയറാൻ കരുത്തേകുന്നത്. ഡെക്ളാൻ റൈസും ബുക്കായോ സാക്കയും ആന്തണി ഗോർഡനുമൊക്കെ നൽകുന്ന പാസുകൾ ലക്ഷ്യത്തിലെത്തിക്കുകയെന്ന ഉത്തരവാദിത്വമാണ് കേനിനും ജൂഡനുമുള്ളത്.

3. പോസ്റ്റിന് കീഴിലെ ജോർദാൻ പിക്ഫോഡിന്റെ പരിചയസമ്പത്ത് തന്നെയാണ് നോർവേയ്ക്ക് എതിരായ ക്വാർട്ടർ ഫൈനലിൽ ടീമിന് തുണയായത്. പ്രതിരോധത്തിൽ നിക്കോ ഒറേയ്‌ലിയും മാർക്ക് ഗുയേഹിയും ജോൺ സ്റ്റോൺസുമൊക്കെ കല്ലുപോലെ ഉറച്ചുനിൽക്കുന്നവർ. മെസിയെ തടുക്കുകയാണ് പ്രധാനവെല്ലുവിളി.

4.വലിയ വേദികളിൽ നിർഭാഗ്യവന്മാരാണ് ഇംഗ്ളണ്ട്. 1966ന് ശേഷം ലോകകപ്പ് നേടിയിട്ടില്ല. 2018 ലോകകപ്പിലാണ് ഇതിനുമുമ്പ് സെമിയിലെത്തിയത്. അന്ന് ക്രൊയേഷ്യയോട് തോറ്റ് പുറത്തായി. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു. കഴിഞ്ഞ യൂറോകപ്പിന്റെ ഫൈനലിൽ സ്പെയ്നിനോട് തോറ്റു.

രണ്ടുപതിറ്റാണ്ട് നീണ്ട തന്റെ കരിയറിൽ ലയണൽ മെസി ആദ്യമായാണ് ഇംഗ്ളണ്ടിനെതിരെ കളിക്കാൻ ഇറങ്ങുന്നത്. 2002ലാണ് ലോകകപ്പിൽ അർജന്റീനയും ഇംഗ്ളണ്ടും അവസാനമായി ഏറ്റുമുട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360