
ന്യൂഡൽഹി: ഈമാസം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ജഴ്സി പരമ്പരാഗത നീലനിറത്തിൽ നിന്ന് കാവിയിലേക്ക് മാറ്റിയതിനെച്ചൊല്ലിയുള്ള തർക്കം ദേശീയ ഫെഡറേഷനുള്ളിലും രൂക്ഷമാകുന്നു. ജഴ്സിയുടെ നിറം മാറ്റം ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായ താൻ ഉൾപ്പടെയുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ അറിയാതെയാണെന്നും ഫെഡറേഷന്റെ ഡയറക്ടർ ജനറലായ ആർ.കെ ശ്രീവാസ്തവയുടെ തന്നിഷ്ടമാണ് നടന്നതെന്നുമുള്ള മുൻ ഇന്ത്യൻ നായകൻ കൂടിയായ ദിലിപ് തിർക്കിയുടെ പരസ്യപ്രസ്താവനയാണ് വിവാദം കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നത്.
ഒളിമ്പ്യന്മാരും മുൻ രാജ്യാന്തര താരങ്ങളും ഉൾപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് ബോർഡിനെ ഈ തീരുമാനത്തിൽ പങ്കാളികളാക്കിയില്ലെന്ന് തിർക്കി ആരോപിച്ചു. ഭരണപരമായ ചുമതലകൾ ഉണ്ടെന്നതുകൊണ്ട് ഡയറക്ടർ ജനറലിന് തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ അധികാരത്തെ മറികടക്കാൻ കഴിയില്ലെന്ന് തിർക്കി ആർ.കെ ശ്രീവാസ്തവയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ജേഴ്സി മാറ്റത്തെക്കുറിച്ച് പ്രസിഡന്റായ താൻ പോലും അറിഞ്ഞത് ജൂലൈ 27-ന് അത് പുറത്തിറക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണെന്നും ഇത് ശരിയായ രീതിയല്ലെന്നും ഓർമ്മിപ്പിക്കുന്ന തിർക്കിയുടെ കത്ത് പുറത്തുവന്നതോടെ സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങളും വെളിപ്പെട്ടു. ഈ മാസം15ന് നെതർലൻഡ്സിലും ബെൽജിയത്തിലുമായി ലോകകപ്പ് ആരംഭിക്കാനിരിക്കേ ഇത്തരത്തിലുള്ള മാറ്റങ്ങൾ കളിക്കാരുടെ ശ്രദ്ധ തിരിക്കാനും അനിശ്ചിതത്വം സൃഷ്ടിക്കാനും കാരണമാകുമെന്ന് തിർക്കി ചൂണ്ടിക്കാട്ടി.
ലോകകപ്പിന് തൊട്ടുമുമ്പ് ടീമിന്റെ ജഴ്സി നിറം മാറ്റത്തെ മുൻ താരം വിരേൻ റാസ്ക്വിഞ്ഞ അടക്കമുള്ളവർ ചോദ്യം ചെയ്തിരുന്നു. ഹോക്കി കളിക്കളത്തിലെ നീല പ്രതലവും ജഴ്സിയുടെ നിറവും ഒന്നായതിനാൽ ദൃശ്യപരതയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ഇതിനുപിന്നാലെ നിറം മാറ്റത്തിന് കാരണമായി ഹോക്കി ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ 12 വർഷത്തോളമായി ഹോക്കി ടർഫിന് നീലനിറമാണെന്നും ഇതുവരെ അത് പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന മറുചോദ്യവുമായി മുൻ താരങ്ങളും രംഗത്തെത്തി. തുടർന്നാണ് ഹോക്കി ഇന്ത്യയ്ക്കുള്ളിൽപോലും ഈ വിഷയത്തിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന വിവരം തിർക്കിയുടെ നിലപാടിലൂടെ വെളിപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |