
ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ജൂലായ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.കെ സർക്കാർ അറിയിച്ചു. ലണ്ടനിലെ സ്റ്റീൽ താരിഫ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങളാൽ നടപ്പിലാക്കാൻ വൈകിയ കരാറാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ബ്രെക്‌സിറ്റിന് ശേഷം യു.കെ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാറാണിത്. ഇതോടെ ഇരു രാജ്യങ്ങൾക്കും നേട്ടമുണ്ടാകും. ഉഭയകക്ഷി ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്‌കിയുടെ നികുതി 150 ശതമാനത്തിൽ നിന്ന് 40 ശതമാനമാകും. യു.കെ നിർമ്മിത കാറുകളുടെ നികുതി 100 ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായും കുറയും. സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ചുമത്തിയിരുന്ന 22 ശതമാനം വരെയുള്ള നികുതികൾ പൂർണമായും ഒഴിവാക്കും. ദീർഘകാലാടിസ്ഥാനത്തിൽ യു.കെയുടെ ജി.ഡി.പിയിൽ 4.8 ബില്യൺ പൗണ്ടിന്റെയും ഉഭയകക്ഷി വ്യാപാരത്തിൽ 25.5 ബില്യൺ പൗണ്ടിന്റെയും വർദ്ധനവ് ഈ കരാറിലൂടെ ഉണ്ടാകും. ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളും നികുതിയില്ലാതെ യു.കെ വിപണിയിലേക്ക് കയറ്റി അയക്കാൻ സാധിക്കും. വ്യാപാര പങ്കാളികൾക്ക് പുതിയ നികുതി വ്യവസ്ഥകളിലേക്ക് മാറാൻ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |