SignIn
Kerala Kaumudi Online
Monday, 22 June 2026 5.57 PM IST

ട്രംപിന് ഇനിയും മതിയായില്ല: ഹോർമുസിന് ടോൾ ഭീഷണി

d

 യു.എസ് - ഇറാൻ ആദ്യ റൗണ്ട് ചർച്ച തുടങ്ങി

 ഇറാനെതിരെ ആക്രമണ മുന്നറിയിപ്പ് ആവർത്തിച്ച് ട്രംപ്

വാഷിംഗ്ടൺ: യു.എസ് - ഇറാൻ ആദ്യ റൗണ്ട് ചർച്ച ഇന്നലെ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ തുടങ്ങി. പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പതിവ് ഭീഷണിയുമായെത്തി. ചർച്ച തകർന്നാൽ ഹോർമുസ് കടലിടുക്കിൽ പണം പിരിക്കുമെന്നാണ് പുതിയ ഭീഷണി. 60 ദിവസത്തെ വെടിനിറുത്തൽ കാലയളവിനിടെ ഇറാൻ അന്തിമ സമാധാന ഉടമ്പടിയിലെത്തണം. ഇല്ലെങ്കിൽ ഹോർമുസിലെ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കും. മിഡിൽ ഈസ്റ്റിന്റെ 'കാവൽ മാലാഖ" യായതിനുള്ള പ്രതിഫലമാകും ടോൾ എന്നും ട്രംപ് പറയുന്നു. ഇതിനിടെ, ലെബനനിലെ ഹിസ്ബുള്ളയെ നിയന്ത്രിച്ചില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ പണപ്പിരിവ് അനുവദിക്കില്ലെന്നും ആവർത്തിച്ചിരുന്ന ട്രംപിന്റെ മലക്കം മറിച്ചിൽ വ്യാപക വിമർശത്തിന് ഇടയാക്കി. ഹോർമുസിൽ ടോൾ ഈടാക്കുമെന്ന് ഇറാനും ഭീഷണി മുഴക്കുന്നുണ്ട്. യുദ്ധത്തിൽ നിന്ന് തലയൂരാൻ ശ്രമിക്കുന്ന ട്രംപ്, പുതിയ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് വിമർശനം.


# 60 ദിവസം

സ്വതന്ത്ര സഞ്ചാരം


 വ്യാഴാഴ്ച നിലവിൽ വന്ന ഇടക്കാല കരാർ പ്രകാരം ഹോർമുസിൽ 60 ദിവസം ടോൾ പിരിക്കില്ല. ശേഷം എന്ത് എന്നത് ചോദ്യം

 സ്ഥിരമായി സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ കരാറിലില്ല

 60 ദിവസത്തിന് ശേഷവും ടോൾ ഉണ്ടാകില്ലെന്നും ഉണ്ടായാൽ അത് യു.എസിന്റേത് മാത്രമാകുമെന്നും ട്രംപ്

 60 ദിവസം കഴിഞ്ഞ് കപ്പലുകൾക്ക് സർവീസ് ചാർജ് ഈടാക്കുമെന്ന് ഇറാൻ


# ഹോർമുസ് അടച്ചില്ലെന്ന് യു.എസ്

ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് ഇറാൻ ശനിയാഴ്ച ഹോർമുസ് അടച്ചെങ്കിലും അതിന് തെളിവില്ലെന്ന് യു.എസ്. 55 കപ്പലുകൾ ശനിയാഴ്ച ഹോർമുസ് കടന്നെന്നും പറഞ്ഞു.


# മൂന്ന് ഇന്ത്യൻ

കപ്പലുകൾ കടന്നു

8,60,000 ടണ്ണിലേറെ എണ്ണയുമായി മൂന്ന് ഇന്ത്യൻ കപ്പലുകൾ മുൻകൂട്ടി ലഭിച്ച സുരക്ഷാ അനുമതികളോടെ ശനിയാഴ്ച ഹോർമുസ് കടന്നു. 24നും ജൂലായ് 1നും ഇടയിൽ ഇവ ഇന്ത്യയിലെത്തും.

 600 കോടി ഡോളർ വേണം

ഖത്തറിൽ യു.എസ് മരവിപ്പിച്ച തങ്ങളുടെ 600 കോടി ഡോളറിന്റെ ആസ്തി വിട്ടുനൽകണമെന്ന് ഇറാൻ. ഇന്നലെ യു.എസുമായുള്ള ചർച്ചയിൽ ഇറാൻ ഇക്കാര്യം ഉന്നയിച്ചു. ലെബനനിൽ ആക്രമണം ഉടൻ നിറുത്തണമെന്നും ആവശ്യപ്പെട്ടു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് ഇറാൻ സംഘത്തിൽ. മദ്ധ്യസ്ഥരായി ഖത്തർ പ്രതിനിധികൾക്ക് പുറമേ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സേനാ മേധാവി അസിം മുനീറുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360