SignIn
Kerala Kaumudi Online
Thursday, 10 September 2026 8.00 AM IST

വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ശക്തമാക്കി ഇന്ത്യ, ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി

zakir-naik

ന്യൂഡൽഹി: ഏറെക്കാലമായി ഇന്ത്യതേടുന്ന തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ കസ്റ്റഡിയിലെടുക്കാനുളള നീക്കം ശക്തമാക്കി ഇന്ത്യ. മാർച്ച് 23 ന് ഒമാൻ സന്ദർശനത്തിനിടെ സക്കീർ നായിക്കിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇന്ത്യ തേടുന്ന നായിക് 2017 മുതൽ മലേഷ്യയിലാണ് താമസിക്കുന്നത്. മാർച്ച് 23 നും 25 നും തലസ്ഥാന നഗരമായ മസ്‌കറ്റിൽ രണ്ട് മതപ്രഭാഷണങ്ങൾ നടത്താൻ ഒമാൻ സർക്കാർ നായിക്കിനെ ക്ഷണിച്ചിരുന്നു.


ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെക്കുറിച്ചും ഇന്ത്യൻ എംബസി, ഒമാനിലെ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒമാൻ അധികൃതർ ഇന്ത്യയുടെ ആവശ്യം ചെവിക്കൊള്ളുമെന്നാണ് കരുതുന്നത്. തുടർനടപടികൾക്കായി ഇന്ത്യ ഒരു നിയമസംഘത്തെ അയയ്‌ക്കാൻ സാദ്ധ്യതയുണ്ടെന്നും ഇക്കാര്യം ഒമാനിലെ ഇന്ത്യൻ അംബാസഡറെ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ ഫിഫ ലോകകപ്പ് സമയത്ത് ഖത്തറില്‍ മതപ്രഭാഷണത്തിന് സക്കീര്‍ നായിക്ക് എത്തിയിരുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ പ്രഭാഷണങ്ങളിലൂടെയും മറ്റും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.തന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ (ഐ ആർ എഫ്) നിരോധിച്ചതിനെത്തുടർന്ന് 2016 ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട നായിക് മലേഷ്യയിലെത്തിയിരുന്നു. ഇപ്പോൾ അവിടെ അഭയാർത്ഥിയായി കഴിയുകയാണ്. 2019ൽ മലേഷ്യയിൽ പൊതു പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്നും നായിക്കിനെ വിലക്കിയിരുന്നു.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ നായിക്കിന്റെ പീസ് ടിവി നെറ്റ്‌വർക്ക് നിരോധിച്ചിട്ടുണ്ട്. 2022-ലെ മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ്, സക്കീർ നായിക്കിന്റെ വീഡിയോകൾ തന്നെ സ്വാധീനിക്കുകയും തീവ്രവാദിയാക്കുകയും ചെയ്‌തതായി പറഞ്ഞിരുന്നു.ടെലിഗ്രാം വഴിയും സിഗ്നൽ, വയർ, ഇൻസ്റ്റാഗ്രാം, എലമെന്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയും സാക്കിർ നായിക്കിന്റെ വീഡിയോകൾ പങ്കുവച്ച ഷാരിഖിന്റെ ഫോൺ കർണാടക പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

ക്രിസ്തുമസിന് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന വിവാദ പ്രസ്താവനയുമായി ഇക്കഴിഞ്ഞ ഡിസംബറിൽ സാക്കിർ രംഗത്തെത്തിയിരുന്നു. ‘അമുസ്ലീങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും തരത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല.അത്തരത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- എന്നായിരുന്നു സാക്കിർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.

 

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZAKIR NAIK, DEPORTED, OMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360