SignIn
Kerala Kaumudi Online
Thursday, 19 February 2026 3.44 AM IST

കന്യാസ്ത്രീ മഠങ്ങളിലേക്കു കൊണ്ടുവന്ന പത്തു പെൺകുട്ടികളെ രക്ഷപ്പെടുത്തി

Increase Font Size Decrease Font Size Print Page
child-trafficking

തൃശൂർ:കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലേക്കും കോൺവെന്റിലേക്കും ജോലിക്കായി ഏജന്റ് മുഖേന ഒഡിഷയിൽ നിന്ന് കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പത്തു പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. മനുഷ്യക്കടത്തിന്റെ ഏജന്റുമാരെന്ന് സംശയിക്കുന്ന മൂന്നു പുരുഷൻമാരെയും ഒരു സ്ത്രീയെയും തൃശൂർ റെയിൽവേ പൊലീസിന് കൈമാറി.

ആറുപേരെ ട്രെയിനിലും നാലുപേരെ തൃശൂർ റെയിൽവേ പ്‌ളാറ്റ്‌ഫോമിലുമാണ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ഇവരിൽ എട്ടുപേരെ പൂത്തോളിലെ സ്‌നേഹിത കേന്ദ്രത്തിലേക്കും രണ്ടുപേരെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. പെൺകുട്ടികളുടെ തിരിച്ചറിയൽ കാർഡുകൾ വ്യാജമാണ്.

ഇന്നലെ 9 മണിയോടെ തൃശൂരിലെത്തിയ ഹൈദരാബാദ്-കൊല്ലം ട്രെയിനിലാണ് ആറു കുട്ടികളെ സംശയാസ്പദമായി കണ്ടത്. സ്റ്റേഷൻ വിട്ട ട്രെയിനിൽ ചൈൽഡ് ലൈൻ പ്രവർത്തകരും കയറി. ചോദ്യം ചെയ്യലിൽ കോട്ടയത്തെ കോൺവെന്റിൽ ജോലിക്ക് കൊണ്ടുപോവുകയാണെന്ന് കൂടെയുള്ള സ്ത്രീയും രണ്ടു പുരുഷൻമാരും പറഞ്ഞു. തിരിച്ചറിയൽ കാർഡിൽ പ്രായം 18ന് താഴെയാണെന്ന് കണ്ടതോടെ ഇവരെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ ആലുവയിൽ ഇറക്കി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു.


ഇതിനു പിന്നാലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം ഒരു കന്യാസ്ത്രീയോടൊപ്പം രണ്ടു പെൺകുട്ടികളെ കണ്ടത്. ഇവരിൽ പ്രായപൂർത്തിയാകാത്ത ഒരാളെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. ഇരിങ്ങാലക്കുട മാപ്രാണം കോൺവെന്റിലെ അടുക്കള ജോലിക്കാരിയാണ് ഈ കുട്ടി. പിന്നാലെ രണ്ടു കന്യാസ്ത്രീകൾക്കൊപ്പം ഒരു പെൺകുട്ടിയെക്കൂടി കണ്ടെത്തി. വൈകിട്ടാണ് മറ്റ് രണ്ടുപേരെ റെയിൽവേ സ്റ്റേഷനിൽ തന്നെ കണ്ടെത്തിയത്. ആലുവയിൽ ഒരു ചേച്ചിയുടെ വീട്ടുജോലിക്ക് പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞത്.
പൊലീസിന് കൈമാറിയവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഭാഷ പ്രശ്‌നമായതാണ് കാരണം.

എത്തിക്കാൻ ആളുണ്ട്

വിയ്യൂരിലെ ചിൽഡ്രൻസ് ഹോമിലേക്ക് കുട്ടികളെ കൊണ്ടുവന്നതിന് പിറകെ അവരുടെ ഫോണിലേക്ക് കോട്ടയത്തെ കന്യാസ്ത്രീയുടെ വിളിയെത്തി. രണ്ടു മണി വരെ കാത്തു നിന്നു. നിങ്ങൾ എവിടെയാണെന്നായിരുന്നു ചോദ്യം. ഫോൺ എടുത്ത ചൈൽഡ് ലൈൻ പ്രവർത്തകർ കാര്യങ്ങൾ വിശദീകരിച്ചു. കോട്ടയത്തെ രണ്ട് കോൺവെന്റിലേക്കാണ് കുട്ടികളെ കൊണ്ടുവരുന്നതെന്ന് കന്യാസ്ത്രീ പറഞ്ഞു. ആവശ്യപ്പെട്ടാൽ കുട്ടികളെ എത്തിക്കുന്ന ആൾ ഉണ്ടെന്നും അങ്ങനെയാണ് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നതെന്നും അവർ പറഞ്ഞു.


ശമ്പളം തുച്ഛം

ഹൗസ് കീപ്പിംഗ്, എംബ്രോയ്ഡറി വർക്ക് എന്നിവ പഠിപ്പിക്കാനെന്ന പേരിലാണ് കുട്ടികളെ മഠങ്ങളിലേക്ക് കൊണ്ടുവരുന്നത്. അടുക്കളപ്പണിയും മറ്റുമാണ് ജോലി. മാസം ആറായിരം രൂപയാണ് ശമ്പളം. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതുവരെയാണ് ജോലി.

''നിരവധി കോൺവെന്റുകളിൽ ഒഡിഷയിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്നുണ്ട്. കർശന നടപടിയുണ്ടാകും''

--കെ.ജെ. ജെനി

റെയിൽവേ ചൈൽഡ് ലൈൻ ഹെൽപ്പ് ഡെസ്‌ക് കോ-ഓർഡിനേറ്റർ

TAGS: CHILD TRAFFICKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY