SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.27 PM IST

ആയിരത്തിലധികം സിം കാർഡ് ആക്ടിവേറ്റ് ചെയ്ത് തട്ടിപ്പ്; കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ

arrested

മലപ്പുറം: മൊബൈൽ സിം കാർഡ് എടുക്കാൻ വരുന്നവരുടെ പേരിൽ അവരറിയാതെ സിം കാർഡുകൾ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ കൊണ്ടോട്ടി ഒളവട്ടൂർ മായക്കര സ്വദേശി അബ്ദുൽ ഷമീറിനെ(34) മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കമ്പനികളുടെ സിം കാർഡുകളും റീച്ചാർജ്ജ് കൂപ്പണുകൾ വഴിയോരങ്ങളിലും ഇയാളുടെ വീട്ടിൽ വച്ചും വിൽപ്പന നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്.

ഉപഭോക്താവ് സിം കാർഡ് എടുക്കുന്നതിനായി ഇയാളെ സമീപിക്കുന്ന സമയം ഫിംഗർ പ്രിന്റ്, ഫോട്ടോയിൽ നിന്ന് കണ്ണിന്റെ പ്രിന്റ് എന്നിവ ഒന്നിലധികം തവണയെടുക്കും. ആദ്യമെടുത്തത് ശരിയായില്ലെന്ന് പറഞ്ഞാണ് വീണ്ടും എടുപ്പിക്കുക. ഇതുവഴി ഒന്നിലധികം സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യും. ഇതിനായി പ്രതിയുടെ കൈവശം വിവിധ മൊബൈൽ കമ്പനികളുടെ പി.ഒ.എസ് ആപ്ലിക്കേഷനുകളുണ്ട്. ഇത്തരം സിമ്മുകൾ 90 ദിവസത്തിന് ശേഷം മൊബൈൽ ഷോപ്പ് നടത്തുന്ന പ്രതിയുടെ സുഹൃത്തിന് ഒന്നിന് 50 രൂപ നിരക്കിൽ വിൽക്കും.

ഈ സിമ്മുകൾ ഉപഭോക്താവ് അറിയാതെ മറ്റൊരു കമ്പനിയുടെ സിമ്മിലേക്ക് പോർട്ട് ചെയ്യും. ഇതിലൂടെ മൊബൈൽ ഷോപ്പുകാർക്കും സിം കമ്പനിയിൽ നിന്ന് കമ്മിഷനായി തുക ലഭിക്കും.

ഷമീറിന്റെ വീട് പരിശോധിച്ചപ്പോൾ ആക്ടീവ് ചെയ്യാത്ത 1,​500 വിവിധ കമ്പനികളുടെ സിം കാർഡുകളും ആയിരത്തിൽപരം സിം കാർഡുകളുടെ കവറുകളും കണ്ടെത്തിയിട്ടുണ്ട്. കമ്മീഷനായി ലഭിച്ച 1.72 ലക്ഷം രൂപയും കണ്ടെടുത്തു. കോഴിക്കോട് വിമാനത്താവളത്തിലെ ചുമട്ട് തൊഴിലാളിയാണ് ഷമീർ. തട്ടിപ്പിലൂടെ നേടിയ സിമ്മുകൾ മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു.

ഒന്നിച്ച് പോർട്ട് ചെയ്തു

2023 നവംബറിൽ 180 ബി.എസ്.എൻ.എൽ സിം കാർഡുകൾ ഒന്നിച്ച് ആക്ടിവാക്കിയെന്നും പിന്നീട് ഇവ ഒന്നിച്ച് മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്തെന്നുമുള്ള രഹസ്യ വിവരം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന് ലഭിച്ചു. സിം കാർഡ് ഉടമകളുടെ വിലാസം പരിശോധിച്ചപ്പോൾ ഇവരൊന്നും ബി.എസ്.എൻ.എൽ സിം എടുത്തിട്ടില്ലെന്നും ഇതേ കാലയളവിൽ മറ്റ് കമ്പനികളുടെ സിം കാർഡ് എടുത്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ സിമ്മുകളെല്ലാം അബ്ദുൽ ഷമീറിന്റെ അടുത്ത് നിന്നാണെന്ന വിവരം ലഭിച്ചു. മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ചിത്തരഞ്ജന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, വിമല, സി.പി.ഒ ഇ.ജി.പ്രദീപ്, മൻസൂർ അയ്യോളി, റാഷിദ്, കൊണ്ടോട്ടി ഡാൻസാഫ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സബീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

പൊലീസിനെതിരിയുള്ള പരാതിയുമായി ഓഫിസിൽ

കയറിയിറങ്ങണ്ട; ക്യു ആർ കോഡ് സ്‌കാൻ ചെയ്യൂ

മലപ്പുറം: പൊലീസിനെതിരിയുള്ള പരാതിയുമായി ഓഫീസിൽ കയറിയിറങ്ങണ്ട. ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ നിങ്ങളുടെ പരാതി ജില്ലാ പൊലീസ് മേധാവിക്ക് ലഭിക്കും. സ്റ്റേഷനിൽ പതിപ്പിച്ച ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പരാതി അറിയിക്കാം. ജില്ലാതല ഉദ്ഘാടനം മലപ്പുറം സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ക്യു ആർ കോഡ് പതിക്കാൻ തുടങ്ങി. ഇതോടെ പരാതികൾ രഹസ്യമായും വേഗത്തിലും നൽകാനാകും. ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഒരു ഗൂഗിൾ ഫോം ലഭിക്കും. അതിൽ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തി പരാതി അറിയിക്കാം. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് പരാതി പരിശോധിക്കുക. പൊലീസുകാരുടെ പെരുമാറ്റം, പരാതിക്ക് രസീത് നൽകാതിരിക്കൽ തുടങ്ങിയ വിവരങ്ങൾ പരാതിക്കാർക്കു നൽകാം. എസ്.ഐമാരായ എസ്.കെ. പ്രിയൻ, കെ.എൻ മുകുന്ദൻ, എ.എസ്.ഐമാരായ എസ്.എൽ.സജിത്ത്, കെ.എം. വിവേക് എന്നിവർ പങ്കെടുത്തു. സി.പി.ഒ കെ.സി.ഷിഹാബുദ്ധീൻ സ്‌കാൻ പ്രവർത്തനം വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY