SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.33 AM IST

വി.പി.വി.വി ടെക്നോ കൺസ്ട്രക്ഷൻസ് തട്ടിപ്പ് : പ്രദീപ് കുമാർ റിമാൻഡിൽ

us-thattippu

വർക്കല: യു.എസ് പ്രതിരോധ വകുപ്പിനുവേണ്ടി ആയുധം നിർമിക്കുകയാണെന്ന വ്യാജകരാർ കാട്ടി 1000 കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ വി.പി.വി.വി കമ്പനിയുടെ കേരള കോ ഓർഡിനേറ്റർ കൊല്ലം പാരിപ്പള്ളി സ്വദേശി പി.പ്രദീപ് കുമാറിനെ വർക്കല കോടതി റിമാൻഡ് ചെയ്തു. വർക്കല വടശ്ശേരിക്കോണം ദാറുൽ ഹുദയിൽ എ.എം.മുനീറിൽ നിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി പ്രദീപ് കുമാറിനെ(56) ചേർത്തല പൊലീസ് അറസ്റ്റുചെയ്ത് വർക്കല പൊലീസിന് കൈമാറുകയായിരുന്നു.

കമ്പനിയുമായി ബന്ധപ്പെട്ട അഞ്ചുപേരാണ് കേസിൽ പ്രതികളായത്.വെങ്കിട വെങ്കിട്ട്,ബിജു ജി.എസ്,ഡോ.സാബ്,യെലാത്തി പത്മരാജ് ഗോപാൽ എന്നിവരാണ് മറ്റ് പ്രതികൾ. കമ്പനിക്ക് യു.എസ്.ഡിഫൻസിൽ നിന്ന് 50 ട്രില്യൺ ഡോളർ മൂല്യമുള്ള വർക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ഒരുകോടി രൂപ നിക്ഷേപിച്ചാൽ 5000 കോടി രൂപയുടെ സബ് കോൺട്രാക്ട് ലഭിക്കുന്നതുവഴി കുറഞ്ഞത് 25 ശതമാനം ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചെന്നാണ് പരാതിയിലുള്ളത്.

പരാതിക്കാരന്റെ വർക്കലയിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കമ്പനിയുടെ നാഗ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ കൈമാറിയതായും തുടർന്ന് തമിഴ്നാട്ടിൽ ഖനനപ്രവർത്തനവുമായി ബന്ധപ്പെട്ട ഭൂമിപൂജയിൽ പങ്കെടുപ്പിക്കുകയും കരാർ ലഭിച്ചതായി വിശ്വസിപ്പിച്ചെന്നും പറയുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരൻ 25 ലക്ഷം രൂപ ചെലവഴിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും യഥാർത്ഥ ഉടമയുടെ അനുമതിയില്ലെന്ന കാരണത്താൽ പ്രാദേശിക അധികൃതർ പ്രവൃത്തി തടഞ്ഞെന്നും പരാതിയിലുണ്ട്.

പിന്നീട് വർക്കലയിലെ 350 കോടി രൂപയുടെ ശിവപുരി ക്ഷേത്രനിർമ്മാണ പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ പങ്കാളിയാക്കാമെന്നും നിക്ഷേപത്തിന് വലിയ വരുമാനം ലഭിക്കുമെന്നും പറഞ്ഞ് വീണ്ടും വിശ്വസിപ്പിച്ചതായും മുനീർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യു.എസിൽ നിന്ന് ഫണ്ട് എത്താൻ താമസമുണ്ടെന്ന് പറഞ്ഞ് അടിയന്തരമായി 20 ലക്ഷം രൂപ കൂടി കമ്പനിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതായും മൂന്ന് തവണയായി ഈതുക കൈപ്പറ്റിയെന്നും പരാതിയിലുണ്ട്. 2026 ജൂലായ് 1ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കവേയാണ് ചേർത്തല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലെത്തിയ പ്രദീപിനെ മുനീർ കണ്ടതാണ് അറസ്റ്റിനിടയാക്കിയത്. ഹോട്ടലിൽ ഉള്ളവരുടെ സഹായത്തോടെ ഇയാളെ തടഞ്ഞുവച്ചശേഷം ചേർത്തല പൊലീസിനെ അറിയിക്കുകയിരുന്നു. പ്രതിക്കെതിരെ വർക്കല,കല്ലമ്പലം,മെഡിക്കൽ കോളെജ്, കൊല്ലം കിളിക്കൊല്ലൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY