ഓഹരി വിപണിയും രൂപയും തകർന്നടിഞ്ഞു
കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആശങ്ക സൃഷ്‌ടിച്ച് ഓഹരി വിപണിയും രൂപയും ഇന്നലെ തകർന്നടിഞ്ഞു. അമേരിക്കയിലെ തൊഴിൽ മേഖല പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള നടപടികൾ മന്ദഗതിയിലാക്കുമെന്ന ആശങ്കയാണ് ഓഹരി വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,048.90 പോയിന്റ് നഷ്‌ത്തോടെ 76,330ൽ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 345 പോയിന്റ് ഇടിഞ്ഞ് 23,086ൽ എത്തി. ഇന്ത്യൻ കമ്പനികളുടെ ലാഭവും വരുമാനവും പ്രതീക്ഷിച്ച വളർച്ച നേടില്ലെന്ന ആശങ്കയും തിരിച്ചടിയായി. ചെറുകിട ഓഹരി സൂചിക നാല് ശതമാനവും ഇടത്തരം കമ്പനികളുടെ ഓഹരി സൂചിക 3.5 ശതമാനവും തകർച്ച നേരിട്ടു. ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 12.4 ലക്ഷം കോടി രൂപ ഇടിഞ്ഞ് 417.28 ലക്ഷം കോടി രൂപയിലെത്തി. വാഹന, മീഡിയ, മെറ്റൽ, ബാങ്ക്, റിയൽറ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സൊമാറ്റോ, എൽ ആൻഡ് ടി, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരികളും മൂക്കുകുത്തി.
വെല്ലുവിളിക്കാലം
1. അമേരിക്കയിൽ തൊഴിൽ രംഗം അപ്രതീക്ഷിതമായി വളർച്ച നേടിയതോടെ ബോണ്ടുകളുടെ മൂല്യം പതിനാല് മാസത്തിനിടെയിലെ ഉയർന്ന തലത്തിലെത്തി. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു
2. ആഗോള രാഷ്‌ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 81 ഡോളറായതിനാൽ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ശക്തമാകുന്നു
3. വിലക്കയറ്റവും നഗര മേഖലകളിലെ ഉപഭോഗത്തിലെ ഇടിവും ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലും വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടാക്കുന്നു. നടപ്പുവർഷത്തെ വളർച്ച നിരക്ക് 6.5 ശതമാനത്തിലും താഴെയെത്തിയേക്കും
നിക്ഷേപകരുടെ നഷ്‌ടം
12.4 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |