SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

'പാകിസ്ഥാനികള്‍ ഇനി അധികം യുഎഇ സ്വപ്‌നം കാണേണ്ടതില്ല', ഇനി ആവശ്യം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ

Increase Font Size Decrease Font Size Print Page
uae

ദുബായ്: പാകിസ്ഥാനില്‍ നിന്നുള്ള അണ്‍സ്‌കില്ഡ് ലേബേഴ്‌സ് ആയിട്ടുള്ളവര്‍ക്ക് ഇനി യുഎഇയിലെ ജോലി അധികകാലം സ്വപ്‌നം കാണാന്‍ കഴിയില്ല. യുഎഇയിലെ പാകിസ്ഥാന്‍ അംബാസിഡര്‍ തന്നെയാണ് ഇക്കാര്യം അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന നിലവാരമുള്ള സ്‌കില്‍ഡ് ലേബേഴ്‌സിനെയാണ് യുഎഇക്ക് ഇനി ആവശ്യമെന്നും ഫൈസല്‍ നിയാസ് തിര്‍മിസി പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള യുഎഇയുടെ വിപണി വളരെയധികം വളര്‍ന്നുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് ന്യൂസ് എന്ന മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫൈസല്‍ നിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ തൊഴില്‍ വിപണിയില്‍ അക്കൗണ്ടന്റുമാര്‍, ഐടി പ്രൊഫഷണലുകള്‍, ബാങ്കര്‍മാര്‍, എഐ വിദഗ്ദ്ധര്‍, ഫിസിഷ്യന്‍മാര്‍, നഴ്‌സുമാര്‍, പൈലറ്റ് എന്നിവരെയാണ് ഇനി ആവശ്യം. അതിനാല്‍ ഈ മേഖലയില്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പാകിസ്ഥാനികള്‍ ചെയ്യേണ്ടതെന്നും അപ്പോള്‍ വലിയ അവസരമാണ് കൈവരാന്‍ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണ്‍സ്‌കില്‍ഡ് വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് നിലവില്‍ 1000 ദിര്‍ഹവും അതിന് അല്‍പ്പം മുകളിലുമൊക്കെയാണ് നിലവില്‍ ശമ്പളമായി ലഭിക്കുന്നത്. മേല്‍പ്പറഞ്ഞ മേഖലകളില്‍ പാകിസ്ഥാനികള്‍ കൂടുതല്‍ പരിശീലനം നേടിയെടുക്കുന്ന സ്ഥിതിയുണ്ടായാല്‍ വളരെ എളുപ്പത്തില്‍ അവര്‍ക്ക് 20000 ദിര്‍ഹം വരെ സമ്പാദിക്കാന്‍ കഴിയുമെന്നാണ് ഫൈസല്‍ നിയാസ് അഭിപ്രായപ്പെട്ടത്. ഇന്നത്തെ ലോകം ഐടി വൈദഗ്ധ്യം, അക്കൗണ്ടിംഗ്, ആരോഗ്യ സംരക്ഷണം എന്നിവയാല്‍ നയിക്കപ്പെടുന്നു. അതിനാല്‍ തന്നെ ആഗോള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ തലമുറയിലെ പാകിസ്ഥാനികളെ അതിനനുസരിച്ച് പരിശീലിപ്പിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, യുഎഇയില്‍ സ്‌കില്‍ഡ് ലേബേഴ്‌സ് വിഭാഗത്തില്‍ കൂടുതല്‍ ആളുകളെ ആവശ്യമാണെന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയാണ് പ്രവാസം സ്വപ്‌നം കാണുന്നവര്‍ക്ക് സമ്മാനിക്കുന്നത്.

TAGS: NEWS 360, GULF, GULF NEWS, GULF, JOB, UAE, PAKISTANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY