ആദ്യ ഐ.പി.എൽ കിരീടത്തിനായുള്ള പഞ്ചാബ് കിംഗ്സിന്റെ പോരാട്ടം 18-ാം സീസണിലേക്ക്
ഈ സീസണിൽ പുതിയ നായകനായി ശ്രേയസ് അയ്യരും കോച്ചായി റിക്കി പോണ്ടിംഗും
2008ൽ ഐ.പി.എൽ ആരംഭിച്ചതുമുതലുള്ള പ്രീതി സിന്റയുടെ കിരീടസ്വപ്നം ഈ 18-ാം സീസണിലെങ്കിലും സഫലമാകുമോ?. കിംഗ്സ് ഇലവൻ പഞ്ചാബായി രൂപം കൊണ്ട് 2021ൽ പഞ്ചാബ് കിംഗ്സായി രൂപം മാറിയ ടീം ഇത്തവണ പുതിയ നായകനെയും പരിശീലകനെയും മുൻനിറുത്തിയാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരാണ് ഇക്കുറി പഞ്ചാബിന്റെ ക്യാപ്ടൻ. താരലേലത്തിൽ 26.75 കോടി രൂപ മുടക്കിയാണ് പഞ്ചാബ് ശ്രേയസിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. ഡൽഹി ക്യാപ്പിറ്റൽസിന്റെ പഴയ കോച്ച് റിക്കി പോണ്ടിംഗാണ് പഞ്ചാബിന്റെ പുതിയ കോച്ച്. ട്രാവർ ബെയ്‌ലിസിന് പകരമാണ് പോണ്ടിംഗ് പഞ്ചാബിന്റെ ചുക്കാൻ ഏറ്റെടുത്തിരിക്കുന്നത്.
ഡൽഹി ക്യാപ്പിൽസ് ടീമിൽ ഒരുമിച്ചുണ്ടായിരുന്നവരാണ് ശ്രേയസും പോണ്ടിംഗും.
കിരീടം നേടിക്കൊടുത്തിട്ടും തന്നെ കൈവിട്ടുകളഞ്ഞ കൊൽക്കത്തയ്ക്ക് മറുപടി നൽകുകയെന്ന ലക്ഷ്യമാണ് ശ്രേയസിനുള്ളത്. കഴിഞ്ഞ സീസണിൽ ഐ.പി.എൽ കിരീടം നേടിയ നായകനായിട്ടും ശ്രേയസിന് ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ ഇടംപോലും ലഭിച്ചിരുന്നില്ല. എന്നാൽ ആഭ്യന്തരക്രിക്കറ്റിൽ മികവ് പ്രകടിപ്പിച്ച് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് ഇക്കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഏകദിനത്തിലെ ഈ മികവ് ട്വന്റി-20 ഫോർമാറ്റിലും നിലനിറുത്താൻ ശ്രേയസിന് കഴിയുമോ എന്നതാണ് ചോദ്യം.
മികച്ച താരനിര
ഈ സീസൺ താരലേലത്തിൽ മികച്ച താരങ്ങൾക്ക് വേണ്ടി കോടികൾ മുടക്കാൻ പഞ്ചാബ് തയ്യാറായിരുന്നു. ശ്രേയസിനായി 26.75 കോടി മുടക്കിയ പഞ്ചാബ് പേസർ അർഷ്‌ദീപിനെ 18 കോടിക്ക് റൈറ്റ് ടു മാച്ച് നിയമപ്രകാരം നിലനിറുത്തി. കഴിഞ്ഞ വർഷത്തെ ഐ.സി.സിയുടെ ട്വന്റി-20യിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് അർഷ്‌ദീപാണ്. 18 കോടിയ്ക്ക് തന്നെ സ്പിന്നർ യൂസ്‌വേന്ദ്ര ചഹലിനെയും ടീമിലെത്തിച്ചു.ദക്ഷിണാഫ്രിക്കൻ പേസ് ഓൾറൗണ്ടർ മാർക്ക് ജാൻസനുവേണ്ടി 7 കോടിയാണ് മുടക്കിയത്. ആളുമാറി ലേലത്തിൽ വിളിച്ചെങ്കിലും കഴിഞ്ഞ സീസണിൽ കരുത്തായി മാറിയ ശശാങ്ക് സിംഗിനെ നിലനിറുത്തിയിട്ടുണ്ട്.
വിദേശ കരുത്ത്
ട്വന്റി-20 ഫോർമാറ്റിൽ മികവ് കാട്ടിയിട്ടുള്ള ഗ്ളെൻ മാക്സ്‌വെൽ, ജോഷ് ഇൻഗ്ളിസ്, മാർക്കസ് സ്റ്റോയ്നിസ്, അസ്മത്തുള്ള ഒമർസായ്,ലോക്കീ ഫെർഗൂസൺ തുടങ്ങിയ വിദേശതാരങ്ങളും ഈ സീസണിൽ പഞ്ചാബിന് കരുത്തേകും. മാക്സ്‌വെൽ പഞ്ചാബിന്റെ മുൻതാരമായിരുന്നു. തദ്ദേശീയ താരങ്ങളായ പ്രഭ്സിമ്രാൻ സിംഗ്,ഹർപ്രീത് ബ്രാർ, മുഷീർ ഖാൻ തുടങ്ങിയവരും പഞ്ചാബ് നിരയിലുണ്ട്.
മലയാളി താരം വിഷ്ണു വിനോദ് പഞ്ചാബ് ടീമിലുണ്ട്. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമാണ് വിഷ്ണു.
കിരീടമില്ലാത്ത കിംഗ്സ്
പേരിൽ കിംഗ്സ് ഉണ്ടെങ്കിലും പഞ്ചാബിന് ഇതുവരെ ഐ.പി.എല്ലിൽ പട്ടാഭിഷേകം നടത്താനായിട്ടില്ല.
2008ലെ ആദ്യ സീസണിൽ സെമിഫൈനലിലെത്തിയതും 2014ൽ റണ്ണേഴ്സ് അപ്പായതുമായാണ് ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.
2015 മുതൽ 2024വരെയുള്ള സീസണുകളിൽ ലീഗ് സ്റ്റേജിന് അപ്പുറത്തേക്ക് കടക്കാനേ കഴിഞ്ഞിട്ടില്ല.
പഞ്ചാബ് കിംഗ്സ് സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്ടൻ),ശശാങ്ക് സിംഗ് ,പ്രഭ് സിമ്രാൻ സിംഗ്,അർഷ്ദീപ് സിംഗ്,യുസ്‌വേന്ദ്ര ചഹൽ, മാർക്കസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ,നെഹാൽ വധേര,ഗ്ളെൻ മാക്സ്‌വെൽ,പ്രിയാംഷ് ആര്യ,ജോഷ് ഇൻഗിലിസ്,അസ്മത്തുള്ള ഒമർസായ്, ലോക്കീ ഫെർഗൂസൺ,വിജയകുമാർ വൈശാഖ്,യഷ് താക്കൂർ,ഹർപ്രീത് ബ്രാർ,ആരോൺ ഹാർഡി,വിഷ്ണു വിനോദ്,കുൽദീപ് സെൻ,സേവ്യർ ബാർട്ട്‌ലെറ്റ്,സൂര്യാംശ്,മുഷീർ,പൈല അവിനാഷ്,ഹർനൂർ സിംഗ്,പ്രവീൺ ദുബെ.
പഞ്ചാബ് @ 2024
ക്യാപ്ടനായിരുന്ന ശിഖർ ധവാൻ പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് സാം കറാനാണ് കഴിഞ്ഞ സീസണിൽ പഞ്ചാബിനെ നയിച്ചത്. അവസാന മത്സരത്തിൽ ജിതേഷ് ശർമ്മ താത്‌കാലിക ക്യാപ്ടനുമായി. 14 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രം ജയിക്കുകയും ഒൻപതെണ്ണത്തിൽ തോൽക്കുകയും ചെയ്ത പഞ്ചാബ് 10 പോയിന്റുമായി 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ശ്രേയസിനൊപ്പം ഡൽഹി ക്യാപ്പിറ്റൽസിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തെ ശരിക്കും മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഞാൻ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ് ശ്രേയസ്. ഡൽഹി വിട്ട ശ്രേയസുമായി വീണ്ടും സഹകരിക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു.
- റിക്കി പോണ്ടിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |