SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.07 PM IST

40 ശതമാനം സ്ത്രീകളിൽ പ്രസവാനന്തര വിഷാദം, ചികിത്സതേടുന്നത് 10% മാത്രം

photo

തിരുവനന്തപുരം: സംസ്ഥാനത്ത് 40% സ്ത്രീകളിലും പ്രസവാനന്തരം പോസ്റ്റ്പാർട്ടം ഡിപ്രഷൻ വില്ലനാകുന്നു. മൂന്നരമാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി വാർത്തകളിൽ നിറയുകയും ഒടുവിൽ കഴിഞ്ഞ ദിവസം ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത കൊല്ലം കുണ്ടറ സ്വദേശി ദിവ്യ ജോണിയാണ് പോസ്റ്റുപാർട്ടം ഡിപ്രഷന്റെ (പ്രസവാനന്തര വിഷാദം)​ ഒടുവിലത്തെ ഇര.

ചികിത്സതേടുന്നത് 10% മാത്രം.ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കാണിത്.ലക്ഷണങ്ങൾ അവഗണിക്കുന്നതും മാനസികാരോഗ്യ വിദഗ്ദ്ധർക്ക് മുന്നിൽ ചികിത്സതേടാൻ മടിക്കുന്നതും രോഗം സങ്കീർണമാക്കുന്നു. 20-35 പ്രായക്കാരാണ് രോഗികളാകുന്നവരിലേറെയും.


യഥാസമയം ചികിത്സിച്ചാൽ രോഗമുക്തി നേടാം. പ്രസവാനന്തരം ഹോർമോൺ വ്യതിയാനത്തിലൂടെ 80% സ്ത്രീകളിലും പോസ്റ്റ്പാർട്ടം ബ്യൂസ് എന്ന വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് നാലാഴ്ചക്കുള്ളിൽ മാറും.അതിനുശേഷവും വിഷാദാവസ്ഥ തുടരുന്നതാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. കാലക്രമേണ മാറുമെന്ന് കരുതി വീട്ടുകാർ നിസാരവത്കരിക്കും.ഇത് പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്ന അതിസങ്കീർണമായ അവസ്ഥയിലെത്തിക്കും. കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്നതും സ്വയം ജീവനൊടുക്കുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്.

സൈക്യാട്രിസ്റ്റിനെ കാണില്ല!

ഇത്തരം ലക്ഷണങ്ങളുള്ള സ്ത്രീകളെ കണ്ടെത്താൻ 'അമ്മമനസ്' എന്നപേരിൽ ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്.ഗർഭിണികളെ വീടുകളിൽ ചെന്ന് കാണുന്ന ജെ.പി.എച്ച്.എൻമാർ, ആശാപ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഗർഭകാലത്ത് മൂന്നുതവണയും പ്രസവാനന്തരം മൂന്നുതവണയും വീട്ടിലെത്തി സംസാരിച്ച് ലക്ഷണങ്ങളുള്ളവരെ മാനസികാരോഗ്യവിദഗ്ദ്ധന്റെ അടുത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. എന്നാൽ,​ ഇതിന് പലരും തയ്യാറാകുന്നില്ല.

വിളിക്കാം 14416

ആരോഗ്യവകുപ്പിന്റെ മാനസികാരോഗ്യ പരിപാടികളുടെ ടോൾഫ്രീ നമ്പരായ 14416ൽ വിളിച്ചാൽ പ്രസവാനന്തര വിഷാദം മറികടക്കാനുള്ള സഹായം ലഭിക്കും.

കാരണങ്ങൾ

ഗർഭാവസ്ഥയിലുണ്ടാകുന്ന ഉയർന്ന ഈസ്ട്രജൻ,പ്രോജസ്‌ട്രോൺ ഹോർമോണുകളുടെ അളവ് പ്രസവശേഷം പെട്ടെന്ന് കുറയുന്നത്
പ്രസവാനന്തരമുള്ള വേദന,ഉറക്കമില്ലായ്മ

മാനസികാരോഗ്യ പ്രശ്നങ്ങളുടെ മുൻചരിത്രം(വിഷാദം,ഉത്കണ്ഠ)
കുടുംബത്തിൽ വിഷാദരോഗത്തിന്റെ ചരിത്രം
ദാമ്പത്യപ്രശ്നങ്ങൾ,ആസൂത്രിതമല്ലാത്ത ഗർഭധാരണം
കുഞ്ഞുങ്ങളെ നോക്കുന്നതിലെ സമ്മർദ്ദം, ഏകാന്തത

ലക്ഷണങ്ങൾ
തുടർച്ചയായ ദുഃഖം,കരയാനുള്ള പ്രവണത. അമിതമായ ക്ഷീണം
വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക
ഉറങ്ങാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ അമിതമായ ഉറക്കം
കുഞ്ഞിനോട് അകൽച്ച തോന്നുക. താൻ നല്ല അമ്മയല്ലെന്ന തോന്നൽ
കുറ്റബോധം,നിസഹായത,അമിതമായ ഉത്കണ്ഠ, പരിഭ്രാന്തി

ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തിയാൽ പരമാവധി ആറുമാസത്തിനുള്ളിൽ പൂർണമായി ചികിത്സിച്ച് ഭേദമാക്കാം

-ഡോ.അരുൺ.ബി.നായർ

പ്രൊഫസർ,സൈക്യാട്രി വിഭാഗം

തിരു. മെഡിക്കൽ കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POSTPARTUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA