SignIn
Kerala Kaumudi Online
Friday, 05 June 2026 3.14 AM IST

ജോസ് - ജോസഫ് അടി ഇനി കുട്ടനാട് സീറ്റിന്

jose-and-joseph

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ വീണ്ടും മുന്നണിയിലെത്തിക്കാനുള്ള അണിയറ നീക്കങ്ങൾക്കിടെ, കുട്ടനാട് സീറ്റിൽ അവകാശവാദമുന്നയിച്ച് ജോസ്,ജോസഫ് വിഭാഗങ്ങൾ രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയായി. 2016ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജോസഫ് വിഭാഗത്തിലെ ജേക്കബ്ബ് എബ്രഹാമിനെ ഉപതിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ജോസ് വിഭാഗം അഞ്ചംഗ സമിതിയും രൂപീകരിച്ചു. ഇതിനിടയിൽ കൊവിഡ് വന്നതോടെ,തിരഞ്ഞെടുപ്പ് നീണ്ടു. .

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മഷന്റെ വിധി അനുകൂലമായ സാഹചര്യം ചർച്ചചെയ്യാൻ നാളെ ചേരുന്ന ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ,കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വിഷയവും ചർച്ച ചെയ്യും. രണ്ടില ചിഹ്നം നൽകാനുള്ള അധികാരം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനായിരുന്നപ്പോഴാണ് തിരഞ്ഞെടുപ്പ് നീണ്ടത്. കമ്മിഷൻ വിധിയോടെ പാർട്ടിയുടെ പേരും ചിഹ്നവും ലഭിച്ചത് സീറ്റിനായുള്ള അവകാശവാദം ശക്തമാക്കാൻ ജോസിനെ സഹായിക്കും.

യു.ഡി.എഫിലില്ലാത്ത ജോസ് വിഭാഗത്തിന് സീറ്റ് നൽകാൻ സാദ്ധ്യത കുറവാണ്. മുന്നണി പ്രവേശനം ഉടനുണ്ടായാലും,അതിന് ജോസഫിന്റെ എതിർപ്പും മറികടക്കണം. ഇനി ജോസഫിന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചാലും, നിയമപരമായി രണ്ടില ചിഹ്നം ലഭിക്കില്ല. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസഫ് നൽകാതെ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ച് തോറ്റതിന്റെ പ്രതികാരമായി, രണ്ടില ചിഹ്നം ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് ജോസ് അനുവദിക്കില്ലെന്നുറപ്പാണ്. അത്തരമൊരു സാഹചര്യത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് മത്സരിക്കേണ്ടി വരും.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം നടത്താൻ ജോസ് നിർബന്ധിതനാകുന്ന സാഹചര്യമാണുള്ളത്.ജോസഫിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ജോസ് വിഭാഗം കുട്ടനാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാനോ, മത്സരിക്കാതെ ഇടതു മുന്നണിയുമായി രഹസ്യധാരണയുണ്ടാക്കാനോ ഉള്ള സാദ്ധ്യതയും തള്ളാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOSE AND JOSEPH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA