SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.30 PM IST

ലഖിംപൂരിലെ കർഷകർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ,​ പ്രിയങ്കഗാന്ധിയും പങ്കെടുത്തു

priyanka

ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ ജീവൻ നഷ്ടപ്പെട്ട നാല് കർഷകർക്കും ഒരു മാദ്ധ്യമപ്രവർത്തകനും അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. എന്നാൽ പ്രിയങ്ക ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെ വേദി പങ്കിടാൻ അനുവദിച്ചില്ല.

സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ രാകേഷ് ടികായത്ത്, ദർശൻ പാൽ, ജോഗീന്ദർ സിംഗ് ഉഗ്രഹാൻ, ധർമേന്ദ്ര മാലിക് എന്നിവരാണ് ഉണ്ടായിരുന്നത്. ലഖിംപൂരിലെ ടിക്കോണിയ ഗ്രാമത്തിലെ വയലിൽനടന്ന ചടങ്ങിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അതേസമയം ആശിഷ് മിശ്രയെ യു.പി പൊലീസ് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. മിശ്രയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെയാണിത്.

അജയ് മിശ്ര രാജിവയ്ക്കണമെന്ന് കർഷകരും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നുണ്ടെങ്കിലും, പൊലീസ് അന്വേഷണം ഏങ്ങനെ പോകുന്നെന്നു നോക്കാനാണു ബി.ജെ.പിയുടെ തീരുമാനം. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇക്കാര്യം വിഷയമാകരുതെന്നാണ് പാർട്ടിയുടെ ആഗ്രഹം. മകൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചിരിക്കുന്നത്. ഇതുതന്നെയാണ് പൊലീസിനോട് ആശിഷും പറയുന്നത്.

അങ്കിത് ദാസ് കീഴടങ്ങിയേക്കും

ലഖിംപൂർഖേരി കൂട്ടക്കൊലയിൽ പ്രതിയായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ അടുത്ത സുഹൃത്ത് അങ്കിത് ദാസ് ലഖിംപൂർ സി.ജെ.എം കോടതിയിൽ കീഴടങ്ങാനുള്ള നീക്കം തുടങ്ങി. അക്രമത്തിൽ പരിക്കേറ്റ ശേഖറിന്റെ മൊഴി പ്രകാരം, കർഷകരുടെ മേലേക്ക് ഇടിച്ച് കയറ്റിയ വാഹനത്തിൽ അങ്കിത് ദാസ് ഉണ്ടായിരുന്നുവെന്നാണ് വിവരം.
അതിനിടെ, അങ്കിത് ദാസിനെ പൊലീസ് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്ത് വന്നത് ആശയക്കുഴപ്പത്തിനിടയാക്കി. കർഷകരെ ഇടിപ്പിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും താൻ മറ്റൊരു വാഹനത്തിലായിരുന്നുവെന്നും അങ്കിത് ദാസ് പറയുന്ന വീഡിയോയാണ് പുറത്തായത്.

രാഹുൽ ഇന്ന് രാഷ്ട്രപതിയെ കാണും

ലഖിംപൂർ ഖേരി സംഭവത്തിലെ അന്വേഷണത്തെക്കുറിച്ചും കേന്ദ്രമന്ത്രിക്കും മകനും സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും പരാതി നൽകാൻ രാഹുലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും. അജയ്‌മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവും ഉന്നയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LAKHIMPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360