SignIn
Kerala Kaumudi Online
Friday, 11 September 2026 2.05 AM IST

പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ചൈനീസ് സമ്പദ്‌വളർച്ച

china-gdp

 സെപ്തംബർപാദ വളർച്ച 4.9 ശതമാനമായി കുറഞ്ഞു

ബെയ്‌ജിംഗ്: ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയുടെ ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച 2021 കലണ്ടർ വർഷത്തെ മൂന്നാംപാദമായ ജൂലായ്-സെപ്‌തംബറിൽ 4.9 ശതമാനമായി ഇടിഞ്ഞു. 5.2 ശതമാനം വരെ വളരുമെന്നാണ് നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത്. ഏപ്രിൽ-ജൂണിൽ വളർച്ച 7.9 ശതമാനമായിരുന്നു.

പാദാടിസ്ഥാനത്തിൽ ജൂലായ്-സെപ്‌തംബറിലെ വളർച്ച 0.2 ശതമാനമാണ്. 0.5 ശതമാനം വരെ വളർച്ച നിരീക്ഷകർ പ്രവചിച്ചിരുന്നു. ജൂൺപാദത്തിൽ ചൈന 1.3 ശതമാനം വളർന്നിരുന്നു. 2020 ജൂലായ്-സെപ്‌തംബറിലും വളർച്ച 4.9 ശതമാനമായിരുന്നു. അതിനുശേഷം കുറിക്കുന്ന ഏറ്റവും താഴ്‌ന്ന വളർച്ചയാണ് ഈവർഷം മൂന്നാംപാദത്തിലേത്. 2021ന്റെ ഒന്നാംപാദത്തിൽ (ജനുവരി-മാർച്ച്) ജി.ഡി.പി 18.3 ശതമാനം മുന്നേറിയിരുന്നു.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അതിവേഗം കരകയറിയെങ്കിലും ചൈനയുടെ സമ്പദ്‌വ്യവസ്ഥ മെല്ലെ തളരുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. റീട്ടെയിൽ ഉപഭോഗം കുറയുന്നു. റിയൽ എസ്‌റ്റേറ്റ് രംഗം കടുത്ത പ്രതിസന്ധിയിലാണെന്ന് ചൈനീസ് എവർഗ്രാൻഡെ കമ്പനിയുടെ സാമ്പത്തിക തകർച്ച വ്യക്തമാക്കുന്നു. വ്യാവസായിക ഉത്‌പാദനവും തളർച്ചയുടെ പാതയിലാണ്. 3.1 ശതമാനമാണ് സെപ്‌തംബറിലെ വ്യാവസായിക ഉത്‌പാദന വളർച്ച. ആഗസ്‌റ്റിൽ 5.3 ശതമാനം വളർന്നിരുന്നു.

ഇന്ത്യയ്ക്കും വെല്ലുവിളി

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ തളർച്ച ഇന്ത്യയ്ക്കും തിരിച്ചടിയാകും. 2021 ജനുവരി-സെപ്‌തംബറിൽ ഇന്ത്യ-ചൈന വ്യാപാരം 50 ശതമാനം വർദ്ധിച്ചിരുന്നു. 6,850 കോടി ഡോളറിന്റെ ചൈനീസ് ഉത്‌പന്നങ്ങൾ ഇക്കാലയളവിൽ ഇന്ത്യ വാങ്ങി. ചൈനയുമായി ഇന്ത്യയ്ക്ക് 4,655 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുമുണ്ട്.

 2021 ജനുവരി-സെപ്‌തംബറിൽ ഇന്ത്യ-ചൈന വ്യാപാരം 9,038 കോടി ഡോളർ

 ഇക്കാലയളവിൽ ഇന്ത്യയ്ക്ക് ചൈനയുമായുള്ള വ്യാപാരക്കമ്മി 2,990 കോടി ഡോളറിൽ നിന്ന് 4,655 കോടി ഡോളറായി ഉയർന്നു

 ഏപ്രിൽ-ജൂലായിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ്.

 അമേരിക്ക, യു.എ.ഇ., സൗദി അറേബ്യ, സിംഗപ്പൂർ എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.

 ഇന്ത്യ-ചൈന വ്യാപാരം ഈ വർഷം 10,000 കോടി ഡോളർ കടന്നേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, CHINA, CHINA GDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360