SignIn
Kerala Kaumudi Online
Sunday, 07 June 2026 5.48 AM IST

ഇതാ പുതിയ 'ഉദാഹരണം സുജാത', ആഗ്രഹമുണ്ടെങ്കിൽ പ്രായം വെറും നമ്പർ മാത്രം, മകനൊപ്പം പഠിച്ച് നേടിയത് മികച്ച റാങ്ക്

mother

മലപ്പുറം: ഒരുമിച്ച് പി.എസ്.എസി ലിസ്റ്റിൽ കയറി ജോലി ഏറെക്കുറെ ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് അരീക്കോട് സൗത്ത് പുത്തലത്ത് താമസിക്കുന്ന അങ്കണവാടി ജീവനക്കാരിയായ ബിന്ദുവും (41) മകൻ വിവേകും(24). കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച എൽ.ജി.എസ് ലിസ്റ്റിൽ ബിന്ദുവിന് 92ഉം എൽ.ഡി.സി ലിസ്റ്റിലുള്ള വിവേകിന് 38ഉം ആണ് റാങ്ക്. ഒരേ കോച്ചിംഗ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം. അഡ്വൈസ് മെമ്മോ പ്രതീക്ഷിച്ചിരിക്കുകയാണ് അമ്മയും മകനും.

2011 മുതലാണ് അമ്മ ബിന്ദു അരീക്കോട് പ്രതീക്ഷ പി.എസ്.സി സെന്ററിൽ പരിശീലനം തുടങ്ങിയത്. 11 വർഷമായി അങ്കണവാടി അദ്ധ്യാപികയായി ജോലി ചെയ്യുന്ന ബിന്ദുവിന് നല്ല വരുമാനമുള്ള സർക്കാർ ജോലിയിൽ കയറണമെന്നായിരുന്നു ആഗ്രഹം. വീട്ടുജോലികൾക്കിടയിലും അങ്കണവാടിയിൽ ലഭിക്കുന്ന ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു. 2019ൽ ബി.എസ്.സി ജോഗ്രഫി പഠനം പൂർത്തിയാക്കി വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്ന മകനെയും പഠനത്തിന് ഒപ്പം കൂട്ടി. ജോലിയുള്ളതിനാൽ ഞായറാഴ്ചകളിൽ മാത്രമായിരുന്നു ബിന്ദു കോച്ചിംഗ് സെന്ററിൽ പോയിരുന്നത്. എല്ലാ ദിവസവും പരിശീലനത്തിന് പോയിരുന്ന വിവേക് വീട്ടിലെത്തിയാൽ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുൻപ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിംഗ് സെന്ററിൽ പോയി. വീട്ടുജോലി കഴിഞ്ഞാൽ ഇരുവരും ഒരുമിച്ചിരുന്നാണ് പഠനം. പരീക്ഷ കഴിഞ്ഞപ്പോൾ നല്ല റാങ്ക് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

നാൽപ്പതാം വയസ്സിൽ ഭാഗ്യം തുണച്ചു

ഹിന്ദു ഒ.ബി.സിക്കാർക്ക് 39 വയസ് വരെയാണ് പി.എസ്.സിക്ക് അപേക്ഷിക്കാം. 2019ൽ എൽ.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോൾ ബിന്ദുവിന് പ്രായം 38 . 2021 ഡിസംബറിൽ 40 വയസ്സുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്. മുൻപ് എൽ.ജി.എസും എൽ.ഡി.സിയും എഴുതിയിരുന്നെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്. ഒരുമിച്ചുള്ള പഠനമാണ് വിജയം എളുപ്പമാക്കിയതെന്ന് ബിന്ദു പറഞ്ഞു. ഭർത്താവ് ചന്ദ്രൻ കെ.എസ്ആർ.ടി.സിയിൽ ജീവനക്കാരനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC, RANKLIST, LGS, LDC, MOTHER, SON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA