SignIn
Kerala Kaumudi Online
Tuesday, 28 April 2026 5.13 AM IST

സൗരോർജ്ജ സാദ്ധ്യത സമ്പുഷ്ടമാക്കാൻ

Increase Font Size Decrease Font Size Print Page
d

സംസ്ഥാനത്ത് നാളിതുവരെ ആർജ്ജിച്ച ജലവൈദ്യുതി ഉത്പാദനശേഷിയെ മറികടന്ന് പുരപ്പുറ സോളാർ മേഖല ചരിത്രനേട്ടത്തിലെത്തിയത്, സർക്കാർ സബ്സിഡിയോടെ ജനങ്ങൾ ചെലവു കുറഞ്ഞ ഊർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചതുകൊണ്ടാണ്. പീക്ക് ആവശ്യകത ഏപ്രിൽ 18ന് 6037 MW ശേഷിയും 117.6 മില്യൺ യൂണിറ്റുമായി കുതിച്ചുയർന്നതും ഏപ്രിലിൽ 6000 MW ശേഷി നാലുവട്ടം വേണ്ടിവന്നതും ഈ പശ്ചാത്തലത്തിൽ കാണണം. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തുന്ന സംസ്ഥാനം എന്ന നിലയ്ക്കും കേരളീയർ സ്ഥാപിച്ചിരിക്കുന്ന 2228 MW പുരപ്പുറ സോളാർ ശേഷി സുപ്രധാനമായ ഒരു ആസ്തിയാണ്.

പ്രതിമാസം മലയാളികൾ 60 MW പുരപ്പുറ സോളാർ ശേഷി സൃഷ്ടിക്കുന്നുവെന്നും 12,000 പ്ലാന്റുകൾ കമ്മിഷൻ ചെയ്യുന്നു എന്നും കാണണം. കഴിഞ്ഞ പത്തുവർഷം, നിർമ്മാണത്തിലിരിക്കുന്ന 170 MW ജലവൈദ്യുത പദ്ധതികളിൽ കമ്മിഷൻ ചെയ്യാനായത് 75 MW മാത്രമാണെന്നും നിർവഹണ കാലതാമസംമൂലം മാർച്ചിലെ വൈദ്യുതി 15-26 രൂപവരെ യൂണിറ്റിന് ചെലവു വരുന്നതായും മാറിയിരിക്കുന്നു എന്നു കാണുമ്പോഴാണ് വർദ്ധിച്ചുവരുന്ന സൗരോർജ്ജശേഷി പീക്ക് സമയത്ത് ലഭ്യമാക്കുന്ന ഉർജ്ജസംഭരണ പദ്ധതികൾ കേരളം പരിഗണിക്കേണ്ടത്.

15 രൂപവരെ യൂണിറ്റിന് ചെലവിട്ട് പീക്ക് സമയത്ത് അധിക കോൺട്രാക്ടിംഗ് നടത്തേണ്ട സാഹചര്യത്തിൽ യൂണിറ്റിന് 6-10 രൂപവരെ ചെലവിൽ സ്ഥാപിക്കാവുന്ന ബാറ്ററി ഊർജ്ജ സംഭരണികൾ സംസ്ഥാന വ്യാപകമായി സ്ഥാപിക്കേണ്ടതുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള 125 MW ശേഷിയുള്ള ഇത്തരം ഒരെണ്ണം കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ധനസഹായത്തോടെ കാസർകോട്ടെ മൈലാട്ടിയിൽ നിർമ്മാണമാരംഭിച്ചിട്ടുണ്ട്.

5-10 MW ബാറ്ററി സംഭരണശേഷികൾ ഓരോ തദ്ദേശസ്ഥാപന പരിധിയിലും സൃഷ്ടിക്കാനുള്ള ഒരു വികേന്ദ്രീകൃത പദ്ധതിയും ആലോചിക്കാവുന്നതാണ്. സംസ്ഥാനത്തെ എല്ലാ സബ്സ്റ്റേഷനുകളിലും തദ്ദേശസ്ഥാപനങ്ങളും ഇതിനായി രൂപീകരിക്കുന്ന ഒരു സോളാർ-ബെസ് (BESS) കമ്പനി നിക്ഷേപിച്ചാൽ സ്വകാര്യ മൂലധനത്തിൽ തന്നെ വയബിലിറ്റി ഗ്യാപ് മാതൃകയിൽ കുറഞ്ഞത് 2000 MW സംഭരണ പിക്ക് വൈദ്യുതി ഉത്പാദനശേഷി കൈവരിക്കാം. ബാറ്ററികൾ നിർജ്ജീവമാകുന്ന ഘട്ടത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കണം.

പമ്പ് ചെയ്യുന്ന സ്റ്റോറേജ് പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ട്. പവർ ഹൗസുകളുടെ നിർഗമന ജലം, സൗരോർജ്ജം സമൃദ്ധമായ സമയത്ത് (പകൽ) പോണ്ടേജിൽ നിന്നും വീണ്ടും ഡാമിലേക്ക് ഉയർത്തി രണ്ടുവട്ടം വരെ സംഭരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുപയോഗിക്കുക എന്നതാണ് ഇതിലെ അടിസ്ഥാന തത്വം. കേരളത്തിൽ 5000 MW ജല വൈദ്യുതിയോടനുബന്ധ, പമ്പുചെയ്ത സ്റ്റോറേജ് സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് സാദ്ധ്യമായാൽപ്പോലും പകൽ ലഭിക്കുന്ന സൗരോർജ്ജം പീക്ക് സമയത്തെ ചെലവു കുറഞ്ഞ അധിക ഹരിത വൈദ്യുതിയാക്കി മാറ്റാം.

ഹരിത ധനസഹായവും (green bonds) കാർബൺ ക്രെഡിറ്റുകളും ഈ പദ്ധതികൾക്കു സാദ്ധ്യമാണ്. പാരമ്പര്യേതര ഊർജ്ജമന്ത്രാലയവും കേന്ദ്ര ഊർജ്ജ പരിസ്ഥിതി മന്ത്രാലയങ്ങളുമായി ഒരു മാസ്റ്റർ പ്ലാൻ സംസ്ഥാനത്തിന്റെ അടുത്ത പത്തുവർഷത്തെ സൗരോർജ്ജ സുരക്ഷയ്ക്ക് തയ്യാർ ചെയ്താൽ അതിന്റെ ധനകാര്യം വലിയ വെല്ലുവിളിയാവില്ല. വയബിലിറ്റി ഗ്യാപ് മാതൃകയും ഹരിത ധനസഹായവും കാർബൺ ക്രെഡിറ്റുകളും സംയോജിപ്പിക്കുന്ന ഒരു പബ്ലിക്- പ്രൈവറ്റ് സംയുക്ത മേഖലാ പദ്ധതി കേരളം ആവിഷ്കരിച്ചു നടപ്പിലാക്കണം.

ഏതാണ്ട് 5000 കോടി രൂപ മൂലധനച്ചെലവിൽ 2000 MW അധികമായി കൈവരിച്ചാലേ കേരളത്തിന് ആഗോള പാചക വാതക ലഭ്യതാ അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിതമാവൂ. എൽ.പി.ജിയുമായി വിലക്കുറവ് ലഭിക്കുന്ന വൈദ്യുതി നിരക്കുകൾ ഹോട്ടലുകൾക്കും ഭക്ഷ്യവാണിജ്യ സ്ഥാപനങ്ങൾക്കും നൽകിയാൽ കൂടുതൽ വാണിജ്യ കണക്ഷനുകളിലൂടെ കമ്പനിക്ക് വാണിജ്യ നേട്ടവുമുണ്ടാകും. പ്രവചനാതീതമായ എണ്ണ പ്രതിസന്ധി ഒരവസരമായി മുതലെടുക്കാൻ നമുക്കാകണം. എൽ.പി.ജിക്കുപകരം പ്രധാന പാചക ഊർജ്ജമായി വൈദ്യുതിയെ പതിയെ മാറ്റുകയും ആവശ്യമായ സോളാർ സംഭരണം പീക്ക് സമയത്തു ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതിന്റെ തന്ത്രം.

പുരപ്പുറ സോളാർ വിപ്ലവം

2021-22ൽ കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ തുടക്കമിട്ട പുരപ്പുറ സൗരോർജ്ജ വിപ്ലവം 2026ൽ വലിയ ജനകീയ മുന്നേറ്റമായി മാറി. നൂറു വർഷത്തെ ജലവൈദ്യുതി ശേഷിയെ മറികടന്നത് സ്വകാര്യ മേഖല വളരെ സജീവമായതു കൊണ്ടാണ്. കേരളത്തിൽ പാരമ്പര്യേതര ഊർജ്ജമേഖല ഇന്ന് 50,000ൽപ്പരം ചെറുപ്പക്കാർക്ക് സംസ്ഥാനത്ത് പുതുതായി തൊഴിൽ നൽകിയിരിക്കുന്നു. 2021-22ൽ 40ലധികം പുതിയ കമ്പനികളെ കരാർ ചെയ്ത് പദ്ധതി ഊർജ്ജിതമാക്കിയതിന്റെ നേട്ടമാണിത്. എന്നാൽ പീക്ക് സമയത്തും സൗരോർജ്ജം ലഭ്യമാക്കുന്ന, ബാറ്ററി പമ്പ് ചെയ്യുന്ന സ്റ്റോറേജ് പദ്ധതികളെല്ലാം അവിടത്തെ സംഘടനകൾ തുരങ്കം വച്ചതും ഓർക്കുന്നു. കാസർകോട് മൈലാട്ടിയിലെ പദ്ധതി കേന്ദ്ര വയബിലിറ്റി ഗ്യാപ് ലഭ്യമാക്കി സ്വകാര്യ-സംയുക്ത സംരംഭമായിട്ടാണ് നടപ്പാവുന്നത്.

ഈ മാതൃക പരീക്ഷിക്കുമ്പോൾ തന്നെ 80,000 കോടി രൂപയിലധികം ചെലവു വരുന്ന സ്മാർട്ട് മീറ്ററിംഗ് പദ്ധതി, മീറ്ററിംഗ് ഒരു സേവനമായി ലഭ്യമാക്കുന്നതിനു പകരം മുഴുവൻ ചെലവും കടമെടുത്ത് മുടക്കി മീറ്ററിംഗിന്റെ ബാദ്ധ്യതയും ചെലവും ഉപഭോക്താവിനു വരുത്തുന്ന CAPEX മാതൃക സ്വീകരിക്കാനും കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നു. മുഴുവൻ ചെലവും സ്വകാര്യ മേഖല മുടക്കുകയും, ലഭിക്കുന്ന ഡേറ്റയ്ക്ക് പണം നൽകുകയും ചെയ്യുക എന്ന TOTEX മാതൃകയാണ് ഭേദമെന്ന് വിദഗ്ദ്ധസമിതി 2022ൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം മാറ്റിവച്ചാണ് മുഴുവൻ ചെലവും ഉപഭോക്താവിലേക്കെത്തിക്കാനുള്ള പരിപാടി.

റെക്കാഡ് കടഭാരത്തിലെത്തിയ കമ്പനി താമസംവിനാ വിഭജിച്ച് ജനറേഷനിൽ എൻ.ടി.പി.സി പോലെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും പുരപ്പുറ സൗരോർജ്ജ ഉത്പാദന കമ്പനികളുമായി 'സിയാൽ' മാതൃകയിൽ സംയുക്ത സംരംഭം സംസ്ഥാനത്ത് സൃഷ്ടിച്ചാൽ 20,000 മെഗാവാട്ട് ഉത്പാപാദനശേഷിയുള്ള വൈദ്യുതി ഉത്പാദന കമ്പനി പോലും സാദ്ധ്യമാണ്. അവസരങ്ങളിൽ നിന്നും പഠിക്കാതെ,കെ.എസ്.ഇ.ബി ഇനിയും സമയം കളയുമോ എന്നതാണ് ചോദ്യം.

(അഭിപ്രായം വ്യക്തിപരം)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.