SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.22 PM IST

റെയിൽ പദ്ധതികൾക്ക് 2640 കോടി

Increase Font Size Decrease Font Size Print Page
ss

കേരളത്തിലെ അഞ്ച് റെയിൽവേ പദ്ധതികൾക്കായി 2640 കോടി രൂപ കേന്ദ്ര ബഡ്‌ജറ്റിൽ വകയിരുത്തിയതു സംബന്ധിച്ച രേഖ കഴിഞ്ഞ ദിവസം റെയിൽവേ പുറത്തുവിട്ടു. ഇതിന്റെ അർത്ഥം,​ ഈ തുകയത്രയും അതേപടി കൈമാറുമെന്നല്ല. ഓരോ പദ്ധതിയുടെയും ഭാഗമായി സംസ്ഥാനം വഹിക്കേണ്ട ചെലവുകൾ വഹിക്കുകയും സ്ഥലമേറ്റെടുത്ത് കൈമാറൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കുകയും ചെയ്താൽ ഈ തുക നഷ്ടപ്പെടാതെ കേരളത്തിന്റെ റെയിൽവേ വികസനത്തിനായി ലഭിക്കും എന്നതാണ്. മൂന്ന് ദശാബ്ദങ്ങൾക്കു മുമ്പ് പ്രഖ്യാപിക്കപ്പെട്ട ശബരി പാത ഇനിയും പൂർത്തിയാകാത്തതിന് സംസ്ഥാനവും കേന്ദ്രവും പരസ്‌പരം പഴിചാരി,​ കുറ്റം ആരുടെയെങ്കിലും തലയിൽ വച്ചിട്ട് കാര്യമില്ല.

ശബരി പാതയ്ക്കും 505 കോടി രൂപ കേന്ദ്രവിഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ ഇനിയും സ്ഥലം ഏറ്റെടുത്ത് കൊടുക്കേണ്ടതുണ്ട്. ഈ പാതയുടെ 13 കിലോമീറ്റർ മാത്രമാണ് മുപ്പതു വർഷത്തിനു മേലുള്ള കാലയളവിൽ പൂർത്തിയായിട്ടുള്ളത്. ഇതിന്റെ പകുതി ചെലവ് വഹിക്കാമെന്ന തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടതാണ് വീണ്ടും ശബരി പാതയ്ക്ക് ജീവൻ വയ്ക്കാൻ ഇടയാക്കിയത്. പദ്ധതി സംബന്ധിച്ച് നിലപാടെടുക്കാൻ സംസ്ഥാന സർക്കാർ വർഷങ്ങളുടെ കാലതാമസമാണ് എടുത്തത്. അതിനാൽ ഈ പദ്ധതി തന്നെ ദീർഘനാളായി മരവിപ്പിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. രണ്ടാം പിണറായി സർക്കാരാണ് പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന നിർണായക തീരുമാനമെടുത്തത്. മറ്റ് സംസ്ഥാനങ്ങളൊക്കെ റെയിൽവേ പദ്ധതികൾ അതിവേഗം പൂർത്തിയാക്കുന്നത് ഇത്തരം തീരുമാനങ്ങളെടുക്കാൻ വൈകിക്കാത്തതുകൊണ്ടാണെന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതാണ്.

ശബരി പദ്ധതിക്കു പുറമെ,​ മറ്റ് നാല് പദ്ധതികൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ഗുരുവായൂർ - തിരുനാവായ പാത പദ്ധതിക്ക് 280 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാൻ ഈ തുക സഹായകമാകും. റെയിൽവേ പദ്ധതികൾക്ക് ഒരു സംസ്ഥാനത്തും റെയിൽവേയ്ക്ക് സ്വന്തം നിലയിൽ സ്ഥലമേറ്റെടുക്കാനാവില്ല. അതിനുള്ള അധികാരം സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമാണ്. അത് സമയത്ത് ചെയ്യാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് 400 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ തുക അനുവദിച്ചിട്ടുള്ളത് തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനാണ്- 1400 കോടി. കഴിഞ്ഞ വർഷം 1100 കോടി അനുവദിച്ചിരുന്നെങ്കിലും ഇതിൽ 300 കോടി റെയിൽവേ തിരികെ എടുത്തിരുന്നു.

ഈ പാത ഇരട്ടിപ്പിക്കലിന് ഇത്രയും വലിയ തുക അനുവദിക്കപ്പെട്ടതിനു പിന്നിൽ തമിഴ്‌നാടിന്റെ സമ്മർദ്ദവും ഒരു പ്രധാന പങ്ക് വഹിച്ചിരിക്കണം. ദക്ഷിണ റെയിൽവേയുടെ പ്രധാന ഉദ്യോഗസ്ഥ സ്ഥാനങ്ങളെല്ലാം വഹിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നുള്ള സീനിയർ ഉദ്യോഗസ്ഥരാണ്. അതിനാൽ,​ കന്യാകുമാരിയിലേക്കുള്ള പാത ഇരട്ടിപ്പിക്കേണ്ടത് അവരുടെ കൂടി ആവശ്യമാണ്. ഇതിന്റെ ഭാഗമായി ബാലരാമപുരത്ത് രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ കന്യാകുമാരിയിലേക്കുള്ള സന്ദർശകരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പല ഇരട്ടിയായി വർദ്ധിക്കാനാണ് സാദ്ധ്യത. ഷൊർണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് 55 കോടിയും വകയിരുത്തിയിട്ടുണ്ട്.

ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ ഒരു പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ തന്നെ നിയോഗിക്കേണ്ടതാണ്. സംസ്ഥാനം ചെയ്യാനുള്ളത് പൂർത്തിയാക്കാതെ കേന്ദ്രം അവഗണിക്കുന്നു എന്ന് കേരളം എം.പിമാർ പാർലമെന്റിൽ ആവർത്തിച്ചതുകൊണ്ട് കാര്യമില്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.